തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ള പെരുമണ്‍ചിറ മഹാവിഷ്ണു ക്ഷേത്രത്തിലും കുറട്ടൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും അക്രമം. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ട വിവരം ജനങ്ങള്‍ അറിയുന്നത്.
രണ്ടു ക്ഷേത്രങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പെരുമണ്‍ചിറ ക്ഷേത്രത്തിലെ ചുറ്റമ്പലത്തില്‍ കടന്നാണ് അക്രമികള്‍ അക്രമം നടത്തിയത്. ശ്രീകോവിലിലെ ശിവവിഗ്രഹം പുറത്തേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്.
കുറട്ടൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നവഗ്രഹ പ്രതിഷ്ഠയും നാഗവിഗ്രഹവും കല് വിളക്കും അക്രമികള്‍ തകര്‍ത്തു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് കഴക്കൂട്ടത്തേയ്ക്ക് ജാഥ നടത്തി. വിശ്വ ഹിന്ദു പരിഷത്ത് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാക്രമങ്ങള്ക്കു പിന്നിലും ഒരേ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.