കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ല: എന്‍എസ്എസ്

ചങ്ങനാശ്ശേരി| WEBDUNIA|
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ എല്ലാ ധാരണകളും അവസാനിപ്പിച്ചതായി എന്‍എസ്എസ്. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായുണ്ടാക്കിയ ധാരണ സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വം തെറ്റിച്ചതിനാലാണ് ധാരണ അവസാനിപ്പിക്കുന്നതെന്ന് എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെരുന്നയില്‍ ചേര്‍ന്ന അടിയന്തര എന്‍എസ്എസ് സംസ്ഥാന നേതൃയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ധാരണ അവസാനിപ്പിച്ചതോടെ കോണ്‍ഗ്രസുമായി ഇനി സമദൂരത്തിലായിരിക്കും എന്‍ എസ് എസ്. കോണ്‍ഗ്രസിനോട്‌ ഇനി മൃദുസമീപനമില്ല. മറ്റ് ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിയോടും ഉള്ള സമീപനം തന്നെയായിരിക്കും കോണ്‍ഗ്രസിനോടും ഇനി ഉണ്ടാവുക. ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസി‌ഡന്റ് രമേശ് ചെന്നിത്തലയും ശ്രമിച്ചത്. അവര്‍ വഞ്ചിച്ചു എന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2010 സപ്തംബറില്‍ ആണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി ധാരണയുണ്ടാക്കിയത്. സോണിയാ ഗാന്ധിയുടെ പ്രത്യേക ദൂതനായി വിലാസ് റാവു ദേശ്മുഖ് നേരിട്ടെത്തി, അന്നത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കരുമായി ചര്‍ച്ച നടത്തിയാണ് ധാരണ ഉണ്ടാക്കിയതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ഒരു ചതി ആര്‍ക്കും പറ്റാം. എന്നാല്‍ ഇനി ഇത്തരം ചതി പറ്റാതിരിക്കാന്‍ ശ്രദ്ധിക്കും. എന്‍എസ്എസ് പിന്തുണച്ചകാലത്ത് മാത്രമേ യുഡിഎഫ് കേരളം ഭരിച്ചിട്ടുള്ളൂ. എതിര്‍ത്തപ്പോഴൊന്നും അവര്‍ കേരളം ഭരിച്ചിട്ടില്ലെന്ന് ഓര്‍ക്കണം. നായന്മാരുടെ വോട്ട് കൂടി നേടിയല്ല ഹരിപ്പാട്ട് ജയിച്ചതെന്ന് പറയാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയുമോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. എന്‍എസ്എസ്സിനെ ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. സ്വിച്ചിട്ടാല്‍ കേരളം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഒരു സമുദായമാണ് എര്‍എസ്‌എസ്. ഇത്രയേറെ ജനസ്വാധീനമുള്ള സമുദായം വേറെ ഏതുണ്ടെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :