കോടിയേരിക്കെതിരെ വിഎസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ദിവസം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനം ആശയക്കുഴപ്പം ഉണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തന്നോട് ആലോചിക്കാതെയാണ് കോടിയേരി വാര്‍ത്താസമ്മേളനം നടത്തിയതെന്നും വി എസ് വ്യക്തമാക്കി. വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരിയുടെ പ്രസ്താവന ഉമ്മന്‍‌ചാണ്ടിയുടെ രക്ഷയ്ക്കെത്തി. വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞ് തടി തപ്പാന്‍ ഉമ്മന്‍‌ചാണ്ടിയെ അത് സഹായിച്ചു എന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി എന്ന വ്യക്തിക്കെതിരെയാണ് കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം ‍അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി നിയമോപദേശം തേടിയത് തെറ്റായിപ്പോയി. അധികാര ദുര്‍വിനിയോഗമാണ് ഉമ്മന്‍‌ചാണ്ടി നടത്തിയത്. മുഖ്യമന്ത്രി, എ ജി, ഗവണ്‍‌മെന്റ് പ്ലീഡര്‍ എന്നിവര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയതായും വി എസ് ആരോപിച്ചു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ അംഗമായി തരുണ്‍ദാസിനെ നിയമിച്ചതിനെതിരേയും വി എസ്‌ രൂക്ഷ വിമര്‍ശനം നടത്തി. കോക്കകോള കമ്പനിയുടെ ഉപദേശകനായി തുടരുന്ന ആളാണ്‌ തരുണ്‍ദാസ്. തരുണ്‍ദാസിന്റെ നിയമനം ജലമൂറ്റുന്ന കോക്കകോള പോലുള്ള കമ്പനികളുമായുള്ള ചങ്ങാത്തത്തിന്‌ ഉദാഹരണമാണെന്നും വിഎസ്‌ പറഞ്ഞു.

ധനവിനിയോഗ ബില്‍ വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായും വി എസ് ആരോപിച്ചു. 1:30-ന് വോട്ടിനിടേണ്ട ബില്‍ 2:22- നാണ് വോട്ടിനിട്ടത്. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു എന്ന് പ്രതിപക്ഷം അപ്പോള്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിയാണെന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ തെളിയുകയും ചെയ്തു. കേരള ജനതയോട് മാപ്പ് പറയേണ്ടത് ആരാണെന്നും തലയില്‍ മുണ്ടിട്ട് പോകേണ്ടവര്‍ ആരാണെന്നും ഇതോടെ വ്യക്തമായതായും വി എസ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :