കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കും

WDWD
ഡല്‍ഹി മെട്രോ റെയില്‍വേയുടെ മാതൃകയില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മെട്രോ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്‌ത സംരംഭമായി കൊച്ചി മെട്രോ നടപ്പാക്കാനാണ് തീരുമാനം. പദ്ധതിയുടെ നടത്തിപ്പിന്‌ കൊച്ചിയില്‍ ഒരു ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി 50 ലക്ഷം രൂപ അനുവദിക്കും.

സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് 30000 കോടി രൂപ കടം എടുക്കാന്‍ അനുവാദം നല്‍കുമെന്ന് കേന്ദ്ര ധനവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധി സംസ്‌ഥാനത്തെ എങ്ങനെ ബാധിച്ചുവെന്ന്‌ പഠിക്കാന്‍ നിയോഗിച്ചിരുന്ന സി ഡി എസിന്‍റെ റിപ്പോര്‍ട്ട്‌ പഠിച്ച്‌ ശിപാര്‍ശ സമര്‍പ്പിക്കാനായി ഒരു മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്‌ഥാന ആസൂത്രണ കമ്മീഷന്‍ ശിപാര്‍ശ ചെയ്‌ത 8650 കോടിയുടെ വാര്‍ഷിക പദ്ധതിക്കും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. അടങ്കല്‍ തുകയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 12.33 ശതമാനം വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. കൃഷി, തൊഴില്‍, ആരോഗ്യം തുടങ്ങിയവയ്ക്കും സാമൂഹിക സേവന മേഖലയ്ക്കും ഊന്നല്‍ കൊടുത്തായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക.

കണ്ണൂര്‍ വിമാനത്താവളത്തിനായി 441 ഹെക്ടര്‍ ഭൂമി ഫാസ്റ്റ്ട്രാക്ക്‌ പദ്ധതിയില്‍ പെടുത്തി ഏറ്റെടുക്കും. ഇതിനു വേണ്ടി സ്റ്റേറ്റ്‌ എംപവേഡ്‌ കമ്മറ്റി ശിപാര്‍ശ ചെയ്‌ത സ്ഥലവിലയ്ക്കും അംഗീകാരം നല്‍കി. കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡില്‍ ബിഒടി അടിസ്‌ഥാനത്തില്‍ 43 കോടി രൂപ ചെലവില്‍ ബഹുനില വ്യാപാര സമുച്ചയം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 20 ജനുവരി 2009 (13:02 IST)
മുംബൈയില്‍ ഭീകരാക്രമണത്തില്‍ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ അഴീക്കോട്‌ പടിഞ്ഞാറെ വീട്ടില്‍ മനീഷിന്‌ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :