ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഒരു വികലാംഗനും ഉള്‍പ്പെടുന്നു. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് കനത്ത പൊലീസ് കാവലോടെ നഗരസഭ ബ്രഹ്മപുരത്തെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചു.
ഒമ്പത് ലോറികളിലായാണ് മാലിന്യം കൊണ്ടുവന്നത്. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ശനിയാഴ്ച രാവിലെ നാട്ടുകാര്‍ ഇവിടെ റോഡ് ഉപരോധിച്ചിരുന്നു.
രാവിലെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയപ്പോഴാണ് അക്രമം ഉണ്ടായത്.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇവിടെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അമ്പലമേട് പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്.
കൊച്ചി നഗരത്തിലെ മാലിന്യം ബ്രഹ്മപുരത്ത് തന്നെ നിക്ഷേപിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി കോര്പ്പറേഷന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥനത്തില്‍ കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് ശനിയാഴ്ച മുതല്‍ മാലിന്യം ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
എന്നാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ അവിടെ മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കോര്‍പ്പറേഷന്റെ നടപടി നേരത്തെ ജില്ലാ ഭരണകൂടവും നാട്ടുകാരും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ഇവര്‍ പറയുന്നു.
വര്‍ഷങ്ങളായി മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റിന്റെ പണിയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പൈലിംഗ് ജോലികള്‍ മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. ഈ അവസ്ഥയില്‍ ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ സമീപപ്രദേശത്തെ കുടിവെള്ളത്തിന് വരെ ഇത് ദോഷകരമായി ബാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.