കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പി സി തോമസ് അനുകൂലികളുടെ യോഗം നാളെ കോട്ടയത്ത് ചേരും. നാളെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാനസമിതി ചേര്‍ന്ന് അന്തിമതീരുമാനം കൈക്കൊള്ളാനിരിക്കേയാണ് പി സി തോമസിന്റെ നേതൃത്വത്തില്‍ യോഗം. രാവിലെ പത്തരയ്ക്കാണ് യോഗം ചേരുക. ഇടതുമുന്നണിയില്‍ ഉറച്ചു നില്ക്കാന് തന്നെയാണ് പി സി തോമസ് ഉള്‍പ്പെടുന്ന, ലയന തീരുമാനത്തെ എതിര്‍ക്കുന്ന നേതാക്കളുടെ തീരുമാനം. നാളെ ഉച്ചയ്ക്കു ശേഷം ജോസഫ് ഗ്രൂപ്പ് സംസ്ഥാന സമിതി ചേരാനിരിക്കേയാണ് പി സി തോമസിന്റെ നേതൃത്വത്തിലുള്ളവര്‍ രാവിലെ യോഗം ചേരുന്നത്.
പാര്‍ട്ടി ഒറ്റക്കെട്ടായിട്ടല്ല ലയന തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് നാളെ രാവിലെ യോഗം ചേരുക എന്നതിലൂടെ പി സി തോമസ് വിഭാഗം ലക് ഷ്യം വെയ്ക്കുന്നത്. പി സി തോമസ് വിഭാഗത്തെ അനുകൂലിക്കുന്ന എല്ലാ സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കുകൊള്ളും. ഇടതുമുന്നണിയില്‍ നിന്ന് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ സന്ദേശം കിട്ടിക്കഴിഞ്ഞെന്നാണ് ജോസഫിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
ലയനനീക്കത്തെ എതിര്‍ക്കുന്ന എല്ലാവരും പി സി തോമസിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. ജനറല്‍ സെക്രട്ടറി സ്കറിയ തോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരും എം എല്‍ എയായ സുരേന്ദ്രന് പിള്ളയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച് നടന്ന കൂടിയാലോചനയില്‍ അധികമാളുകള്‍ പങ്കെടുത്തിട്ടില്ല എന്നാണ് സൂചന. എന്നാല്‍, ലയനനീക്കത്തിനെതിരെ രംഗത്തുവന്ന നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് പ്രതീക്ഷ.