കേരളകോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്; പാര്‍ലമെന്ററി യോഗത്തില്‍ ജോസഫും മോന്‍സും പങ്കെടുത്തില്ല

കേരളകോണ്‍ഗ്രസ് (എം)ല്‍ വിള്ളലെന്ന് സൂചന

KM Mani, Kerala Congress M, കെ എം മാണി, കേരളകോണ്‍ഗ്രസ് (എം)
കോട്ടയം| സജിത്ത്| Last Updated: ശനി, 6 മെയ് 2017 (07:39 IST)
കേരളകോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍പ്പിലേക്കെന്ന് സൂചന. പാര്‍ട്ടി അദ്ധ്യക്ഷനായ കെഎം മാണിയുടെ വസതിയില്‍ വെച്ചു നടന്ന പാര്‍ലമെന്ററി യോഗത്തില്‍ മോന്‍സ് ജോസഫും പിജെ ജോസഫും പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് സിഎഫ് തോമസും യോഗത്തില്‍ പങ്കെടുത്തില്ല. സിപിഎമ്മുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് പിജെ ജോസഫ് വിട്ടുനിന്നതെന്നാണ് സൂചന.

കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് സിപിഎം പിന്തുണയോടെയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. ഇതില്‍ പി.ജെ ജോസഫ് തന്റെ പരസ്യപ്രതിഷേധമറിയിക്കുകയും ചെന്നിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായെന്നാണ് പി.ജെ ജോസഫിന്റെ പ്രതികരണം. പ്രാദേശിക തലത്തില്‍പ്പോലും യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു കേരളകോണ്‍ഗ്രസ് തീരുമാനം. ഇതായിരുന്നു ചരല്‍ക്കുന്നിലെ ക്യാംപില്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തിലുണ്ടായ തീരുമാനമെന്നാണ് മാണിയുടെ വിശദീകരണമെന്നും ജോസഫ് പറഞ്ഞു.

ജോസഫ് വിഭാഗത്തിലെ എംഎല്‍എയും നേതാവുമായ മോന്‍സ് ജോസഫും ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു. കെ എം മാണി രാഷ്ട്രീയമായി വഞ്ചിച്ചെന്നുള്ള കോണ്‍ഗ്രസ് പ്രസ്താവനയില്‍ തെറ്റില്ല. എംഎല്‍എമാര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെയാണ് പിന്തുണ സ്വീകരിക്കാന്‍ തീരുമാനം എടുത്തതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :