കെ.പി.ആര്‍ അന്തരിച്ചു

കണ്ണൂര്‍| WEBDUNIA|
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.പി.ആര്‍ രയരപ്പന്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തര മണിയൊടെ കണ്ണൂരിലായിരുന്നു അന്ത്യം.

കണ്ണുരിലെ ഏ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. 96 വയസ്സായിരുന്നു. കെ.പി.ആറിന്‍റെ മരുമക്കളായ കരുണാകര നമ്പ്യാരും പ്രഭാകരന്‍ നമ്പ്യാരും ഈ.കെ. നായനാരുടെ മകന്‍ കൃഷ്ണകുമാറും അന്ത്യസമയത്ത് കൂടെയുണ്ടായിരുന്നു.

കെ.പി.ആറിന്‍റെ ചരമവാര്‍ത്തയറിഞ്ഞ് നിരവധി ഇടതുമുന്നണി നേതാക്കള്‍ ഏ.കെ.ജി ആശുപത്രിയിലെത്തി. മൃതദേഹം സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ടോടെ വീട്ടുവളപ്പില്‍ നടക്കും. മലബാറിന്‍റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും ചരിത്രത്തില്‍ നിസാരമല്ലാത്ത സ്ഥാനമാണ് കെ.പി.ആറിനുള്ളത്.

ദേശീയ പ്രസ്ഥാനത്തിലൂടെയാണ് കെ.പി.ആര്‍ രാഷ്ട്രീയ രംഗത്തെത്തിയത്. രയരപ്പന്‍റെ മൂത്ത സഹോദരന്‍ കെ.പി.ആര്‍ ഗോപാലന്‍റെയും പി. കൃഷ്ണപിള്ളയുടെയും കേരളീയന്‍റെയും സ്വധീനത്താല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. പടപ്പാട്ടുകാരന്‍ എന്ന നിലയില്‍ പാര്‍ട്ടി യോഗങ്ങളില്‍ പാട്ടുകള്‍ പാടിയിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വെല്ലൂര്‍ ജയിലിലും കെ.പി.ആര്‍ തടവ് ശിക്ഷ അനുഭവിച്ചു. മികച്ച ഫുഡ്ബോള്‍ കളിക്കാരനായിരുന്നു. 42 വര്‍ഷക്കാലം പാപ്പിനിശ്ശേരി സഹകരണബാങ്കിന്‍റെ പ്രസിഡന്‍റായിരുന്നു. 96 - ാം വയസ്സിലും കണ്ണുരില്‍ നടക്കുന്ന സി.പി.എമ്മിന്‍റെ വിശേഷാല്‍ യോഗങ്ങളില്‍ കെ.പി.ആര്‍ പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :