കുഞ്ഞാലിക്കുട്ടി നിയമപരമായി സഹായിച്ചത് തെറ്റല്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം|
WEBDUNIA|
PRO
കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തില്‍, അധികാര സ്ഥാനത്തിരിക്കുന്നവര്‍ നിയമപരമായി സഹായിച്ചെന്ന് പറയുന്നത് തെറ്റല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. കേരളമോചനയാത്രയ്ക്കിടെ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൌഫിനെ വഴിവിട്ടു സഹായിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ല. ഇത് അദ്ദേഹത്തിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണ്. ആരോപണങ്ങളെല്ലാം കോടതി പലതവണ പരിശോധിച്ച് തീരുമാനമെടുത്ത കാര്യമാണ്. പുതിയതായി അതില്‍ ഒന്നുമില്ല. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ തൃപ്തിയില്ലെങ്കില്‍ വീണ്ടും അന്വേഷിക്കട്ടെയെന്നും നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, ഐസ്ക്രീ പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരി ഭര്‍ത്താവ് റൌഫ് നടത്തിയ വെളിപ്പെടുത്തല്‍ മുസ്ലീം ലീഗിനെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു.
ഐസ്ക്രീം കേസിലെ റൌഫിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. യു ഡി എഫിനെ ഒരുതരത്തിലും ഈ ആരോപണങ്ങള്‍ ബാധിക്കില്ല. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത കൂടി പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍, റൗഫിന് ചെയ്തുകൊടുത്ത വഴിവിട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദുകുട്ടി ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ അതീവ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. റൗഫ് അടക്കമുള്ള പലര്‍ക്കും അവിഹിതമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെക്കുറിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.