അധികാരത്തിലിരിക്കെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലര്‍ക്കും വഴിവിട്ട സഹായം നല്‍കിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടും കുഞ്ഞാലിക്കുട്ടിയെ കൈവിടാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുക്കമല്ല! വൈകിയാണെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ജീവന് ഭീഷണിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ സര്ക്കാന് ഗൌരവമായി എടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള വധഭീഷണി ഗൌരവമായി കാണണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
അടുപ്പമുള്ളവര്‍ക്ക് അധികാരമുപയോഗിച്ച് സഹായം നല്കിയെന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ സത്യപ്രതിജ്ഞാ ലംഘനമാണെന്നിരിക്കെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിനു പിന്തുണയുമായി എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ വിളിച്ചുകൂട്ടിയ മാധ്യമ സമ്മേളനത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തനിക്ക് ബന്ധുവില്‍ നിന്ന് വധഭീഷണിയുടെന്ന് വെളിപ്പെടുത്തിയത്. തന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് റൌഫ് ആണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതെന്നും മുമ്പ് പലതവണ റൌഫിന്റെ ഭീഷണിക്ക് വഴങ്ങിയിട്ടുണ്ട് എന്നും പലര്‍ക്കും വഴിവിട്ട സഹായങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.