കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആരംഭിച്ചു

പാലക്കാട്| WEBDUNIA|
PRO
പുത്തൂര്‍ ഷീലാ വധക്കേസിലെ ഒന്നാം പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിക്കുന്നതിന്‍റെ പ്രാഥമിക നടപടിയായി ഇന്നലെയാണ് അന്വേഷണ സംഘം പാലക്കാട് എത്തിയത്.

പാലക്കാട് എത്തിയ ആറംഗസംഘം സമ്പത്ത് കൊല്ലപ്പെട്ടുവെന്ന് കരുതുന്ന മലമ്പുഴ ജലസേചനവകുപ്പ് ക്വാര്‍ട്ടേഴ്സില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് മുറി സീല്‍ ചെയ്യുകയും ചെയ്തു. ഇവിടെ നിന്നും ലഭിച്ച തെളിവുകളില്‍ പ്രത്യേക രാസപരിശോധന നടത്താനും സംഘം തീരുമാനിച്ചു.

ആദ്യം കസ്റ്റഡിമരണം അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ ഡി വൈ എസ് പിയില്‍ നിന്നും സി ബി ഐ സംഘം വിവരങ്ങള്‍ ആരാഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ നിന്നും തെളിവെടുപ്പ്‌ നടത്തി.

തിങ്കളാഴ്ച ആയിരുന്നു സമ്പത്ത് കസ്റ്റഡിയില്‍ മരിച്ചത് അന്വേഷിക്കുന്നതിനുള്ള ചുമതല സി ബി ഐ ഏറ്റെടുത്തത്. ഇതിനെ തുടര്‍ന്ന് കസ്റ്റഡി മരണക്കേസ് സി ബി ഐ രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയിലാണ്‌ കേസിന്‍റെ എഫ്‌ ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്‌. കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പൊലീസ്‌ പ്രതികളാക്കിയ 14 പൊലീസുകാര്‍ തന്നെയാണ്‌ സി ബി ഐ പ്രതിപട്ടികയിലും ഉള്ളത്‌.

പാലക്കാട്‌ പുത്തൂര്‍ ഷീല വധക്കേസിലെ ഒന്നാം പ്രതി സമ്പത്ത്‌ പൊലീസ്‌ മര്‍ദനത്തില്‍ മരിച്ചുവെന്നാണ്‌ ആരോപണം. സമ്പത്തിന്‍റെ ബന്ധുക്കളുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി ബി ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും സിംഗിള്‍ ബഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ ബഞ്ച്‌ ശരിവെയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :