പാലക്കാട്|
AKJ IYER|
Last Modified തിങ്കള്‍, 10 ജൂലൈ 2017 (18:09 IST)
തമിഴ്‌നാട് സ്വദേശികളെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയെ പോലീസ് പിടികൂടി. കരിങ്കല്ലത്താണി വട്ടപ്പറമ്പ് മൻസൂർ എന്ന അബ്ദുൽ റഫീഖാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് വലയിലായത്. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയായിരുന്നു റൈസ് പുള്ളർ വ്യാപാരത്തട്ടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ നാഗരാജ്, ഭാസ്കർ എന്നിവരിൽ നിന്നാണ് പണം തട്ടിയത്.
റൈസ് പുള്ളർ വ്യാപാരത്തിൽ ഇവരെ പങ്കാളികളാക്കാമെന്ന് വിശ്വസിപ്പിച്ച് മൻസൂർ ഒലവക്കോട്ടേക്ക് വിളിപ്പിച്ചു.
ഇതനുസരിച്ച് തമിഴ്‌നാട് സ്വദേശികൾ സുഹൃത്തായ പട്ടാമ്പി സ്വദേശി ജുനൈദിനൊപ്പം ഒലവക്കോട്ടെത്തി. പണവുമായി കക്ഷികൾ എത്തിയതറിഞ്ഞ റഫീഖും സംഘവും മൂവരെയും കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തി പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് പാലക്കാട് നോർത്ത് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി.ഐ ശിവശങ്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികൾ ഉപയോഗിച്ച ഇന്നോവ കാറും മാരുതി കാറും പിടിച്ചെടുത്തത്. ഖത്തറിലായിരുന്ന റഫീഖ് രണ്ട് വര്ഷം മുമ്പ് നാട്ടിലെത്തി റിയൽ ഈസ്റ്റ് വ്യാപാരം നടത്തിയെങ്കിലും പൊളിഞ്ഞതോടെയാണ് റൈസ് പുള്ളർ ബിസിനസിലേക്ക് തിരിഞ്ഞ തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് അറിയിച്ചു.