ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്‌ക്ക് കോഴിക്കോടിന്‍റെ ഹൃദയമായ മാനാഞ്ചിറയില്‍ തിരി തെളിയുമ്പോള്‍ കലാവിരുന്നിന്‍റെ ഓരോ നിമിഷവും ജനങ്ങളിലെത്തിക്കാന്‍ മാധ്യമപ്പടയും തയ്യാറായിക്കഴിഞ്ഞു. ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ മാനാഞ്ചിറയില്‍ മാധ്യമപ്പട സജീവമായിക്കഴിഞ്ഞു.
പതിനാറു വേദികളിലായി നടക്കുന്ന സുവര്‍ണ കലോത്സവത്തിന്‍റെ വീറും വാശിയും ഒട്ടും ചോരാതെ സ്വീകരണമുറികളിലെത്തിക്കാന്‍ എല്ലാ പ്രമുഖ ദൃശ്യ മാധ്യമങ്ങളും തയ്യാറായി. ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, ജയ്‌ഹിന്ദ്, തുടങ്ങി പ്രമുഖ ചാനലുകളെല്ലാം കലോത്സവം ലൈവായാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി കലോത്സവ നഗരിയില്‍ താല്‍ക്കാലിക സ്റ്റുഡിയോകളും ഉയര്‍ന്നു കഴിഞ്ഞു.
എല്ലാ പ്രമുഖ ദിനപത്രങ്ങളും കലോത്സവ വിശേഷങ്ങള്‍ക്കായി മാത്രം പേജ് നീക്കി വെച്ചുകഴിഞ്ഞു. കലാമേളയുടെ വിശദ വിശേഷങ്ങളുമായി സ്‌പെഷ്യല്‍ സപ്ലിമെന്‍റുകളും പത്രങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത്തവണ കലോത്സവ വേദിയില്‍ സജീവമായിട്ടുണ്ട്. കലോത്സവ നഗരിയിലെ വിശേഷങ്ങള്‍ ഓണ്‍ലൈനിലൂടെ നിങ്ങളില്‍ തത്സമയം എത്തിക്കാന്‍ ‘വെബ്‌ദുനിയ’യും തയ്യാറായിക്കഴിഞ്ഞു. ഇനി ഏഴു ദിവസത്തേക്ക് കേരളത്തിന്‍റെ കണ്ണും കാതും കോഴിക്കോട്ടേക്കാണ്. സുവര്‍ണ കലാമേളയുടെ ഗംഭീരവിരുന്നിനായി.
കലോത്സവ നഗരിയിലെ മീഡിയ സെന്‍ററിന്‍റെ ഉദ്‌ഘാടനം ഇന്നലെ മേയര്‍ എം ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു. കലോത്സവത്തിന്‍റെ താരങ്ങളായെത്തുന്നവരെ നാളെയുടെ താരങ്ങളാക്കാന്‍ കാത്തിരിക്കുകയാണ് ദൃശ്യ-പത്ര മാധ്യമ പ്രവര്‍ത്തകര്‍.