പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുള്ള കത്ത് മാധ്യമങ്ങള്‍ക്ക് നല്കിയ ശശിയുടെ നടപടിക്കെതിരെ സി പി എം. ശശിയുടെ ഈ നടപടി ശരിയായില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന അവയിലബിള്‍ സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.
പാര്‍ട്ടിയെക്കുറിച്ചോ പ്രവര്‍ത്തകരെക്കുറിച്ചോ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. ജസ്റ്റിസ് മോഹന്‍കുമാറിനെ മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ന് നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ഈ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഈ രീതിയാണ് സ്വീകരിക്കേണ്ടതെന്നും സിപിഎം വ്യക്തമാക്കി.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പാര്‍ട്ടി രഹസ്യങ്ങള്‍ പരസ്യമാക്കുന്നു എന്നാരോപിച്ച് കണ്ണൂര്‍ ജില്ലാ മുന്‍ പാര്‍ട്ടി സെക്രട്ടറി പി ശശി കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയത്. ഇതിന്റെ വിശദാംശങ്ങള്‍ മാധ്യങ്ങള്‍ക്കും ലഭിച്ചിരുന്നു. ഇതാണ് പാര്‍ട്ടിയെ രോഷാകുലമാക്കിയത്.
വി എസിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നതായും കല്ലുവാതുക്കല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ വിഎസ് സ്വാധീനിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു.