AISWARYA|
Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (12:46 IST)
പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ചു സംസാരിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.
‘വണ്ടിയുള്ളവര്‍ പട്ടിണിക്കാരല്ല’ എന്ന കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തുവന്നത്.
ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പലിശയ്ക്കു വായ്പയെടുത്താണ് ഇന്ത്യയിലെ സാധാരണക്കാരായ ആളുകള്‍ ടാക്‌സികളും ഓട്ടോറിക്ഷകളും ചരക്കുവാഹനങ്ങളുമൊക്കെ വാങ്ങുന്നത്.
ഇതൊന്നുമറിയാതെ ഇവരൊക്കെ പണക്കാരാണെന്നും അതുകൊണ്ടാണ് ഗവര്‍മ്മെന്റ് ഇന്ധനവില വര്‍ദ്ധിപ്പിച്ച് അതില്‍ നിന്നും ലഭിക്കുന്ന പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന സോഷ്യലിസ്റ്റ് സിദ്ധാന്തം കേട്ട് ഞെട്ടിപ്പോയെന്നും ജോയ് മാത്യു പരിഹസിക്കുന്നു.
സംഘടിക്കാനോ സമരം ചെയ്യാനോ കഴിയാത്ത ഒരു വിഭാഗമാണു വാഹന ഉടമകള്‍. അവര്‍ക്ക് വാഹനം നിര്‍ത്തിയിട്ട് സമരം ചെയ്യാന്‍ പറ്റില്ല. അതുപോലെ നികുതി അടക്കാതെ വാഹനമോടിക്കാനും കഴിയില്ല. വാഹന ഉടമകള്‍ നിസ്സഹായരാണെന്ന് അറിഞ്ഞുകൊണ്ടാണ്
സര്‍ക്കാര്‍ ഇടയ്ക്കിടെ നികുതി വര്‍ധിപ്പിച്ച് അവരെ പിഴിയുന്നതെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു.