ഐസ്ക്രീം ഇഫക്ട്? ലീഗ് ചാനല്‍ പ്രതിസന്ധിയില്‍

കോഴിക്കോട്| WEBDUNIA|
WD
മുസ്ലീം‌ലീഗ് ചാനലിനും ‘ഐസ്ക്രീമിന്റെ’ കൊടും തണുപ്പ് ബാധിച്ചു! മാര്‍ച്ച് 18 ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധാരണയിലെത്തിയ മുസ്‌ലിം ലീഗ് ചാനലായ ഐബിസി കടുത്ത പ്രതിസന്ധിയില്‍.

ഐസ്ക്രീം കേസ് വീണ്ടും വിവാദമായതിനെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ചാനലിന് വേണ്ട സാമ്പത്തിക നീക്കം നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നറിയുന്നു. ചാനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ നിയമിച്ചിട്ടുള്ള അമ്പതോളം വരുന്ന ട്രെയിനി റിപ്പോര്‍ട്ടര്‍മാര്‍ക്കും മറ്റ് പ്രമുഖ ചാനലുകളില്‍ നിന്നാ‍യി കൊണ്ട് വന്നിട്ടുള്ളവര്‍ക്കും ശമ്പളം കൊടുക്കാനാവാത്ത അവസ്ഥയിലാണ് ചാനല്‍ അധികൃതര്‍.

എല്ലാമാസവും അഞ്ചാം തീയതിക്കുള്ളില്‍ ട്രെയിനികള്‍ക്ക് ശമ്പളം ലഭിക്കുമായിരുന്നു. എന്നാല്‍, ഈ മാസം 10 ആയിട്ടും ശമ്പള വിതരണം നടന്നിട്ടില്ല. ശമ്പളം നല്‍കാനാവാത്ത അവസ്ഥയിലായതിനാല്‍, മാനേജ്മെന്റ് വെള്ളിയും ശനിയും ഓഫീസിന് അവധി നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ, ട്രെയിനികള്‍ ജോലിയില്‍ തുടരണോ എന്ന കടുത്ത ആശയക്കുഴപ്പത്തിലാണ്.

കോഴിക്കോട് ആസ്ഥാനമായി തുടങ്ങിയ ചാനലിന്‍റെ ചെയര്‍മാന്‍ കുഞ്ഞാലിക്കുട്ടിയാണ്. ചാനലിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ലീഗിലെ തന്നെ പ്രമുഖര്‍ അറിയാതെയായിരുന്നു. ചില സഹകരണ ബാങ്കുകളുടെ മറവില്‍ അനധികൃതമായാണ് ചാനലിന് വേണ്ട പണം വന്നുചേരുന്നത് എന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

ഐസ്ക്രീം കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി ധാരാളം സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍, കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ നിരീക്ഷണത്തിലാണന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :