പ്രതിരോധ ഇടപാടുകളിലെ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. അഴിമതിയെക്കുറിച്ച് അറിഞ്ഞിട്ടും അനങ്ങാതിരിക്കുന്ന ആന്റണിയുടെ നിലപാട് രാജ്യദ്രോഹമാണെന്ന് വി എസ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തിയത്. ഇതിനായി ഉപയോഗിച്ച പണം പ്രതിരോധ ഇടപാടില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ച കോഴയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു - വി എസ് പറഞ്ഞു.
ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അഴിമതികളാണ് ആന്റണി പ്രതിരോധ മന്ത്രി സ്ഥാനത്തുവന്ന ശേഷം രാജ്യത്ത് നടക്കുന്നത്. ആദര്‍ശ് ഫ്ലാറ്റ്, ഫ്രാന്‍സില്‍ നിന്നുള്ള യുദ്ധടാങ്ക് ഇറക്കുമതി, ഇസ്രായേലുമായുള്ള മിസൈല്‍ ഇടപാട് എന്നീ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നത് ആന്റണിയുടെ കാലത്താണ്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ടട്ര ട്രക്ക് വാങ്ങിയതില്‍ കോഴ വാഗ്ദാനമുണ്ടായ സംഭവം വെളിച്ചത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആന്റണി പ്രതിരോധ മന്ത്രിസ്ഥാനമൊഴിയണം - വി എസ് പറഞ്ഞു.