പതിനഞ്ചു പേരടങ്ങുന്ന എല്‍ ടി ടി ഇ സംഘം കേരളത്തിലെത്തിയതായി സൂചന. ചേര്‍ത്തല തീരത്ത് ഇവര്‍ വന്നെത്തിയ ബോട്ട് പൊലീസ് കണ്ടെത്തി. കൊച്ചി ലക്ഷ്യമാക്കി എല്‍ ടി ടി ഇ സംഘം നീങ്ങിയിട്ടുണ്ടെന്നും അറിയുന്നു. കേരളത്തിലെങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരുന്നു.
ചേര്‍ത്തലയിലും അരൂര്‍ പാലത്തിലും കൊച്ചി നഗരത്തിലും വ്യാപകമായ പരിശോധന നടക്കുകയാണ്. ആയുധങ്ങളണിഞ്ഞ, യൂണിഫോം ധരിച്ച 15 പേര് ചേര്‍ത്തല തീരത്ത് എത്തിയതായാണ് മത്സ്യത്തൊഴിലാളികളില്‍ നിന്നുള്ള വിവരം. ഇവര്‍ കൊച്ചിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും വിഴിഞ്ഞമാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും കര്‍ശനമായ പരിശോധനയ്ക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് ഏബ്രഹാം നിര്‍ദ്ദേശം നല്കി. അരൂര്‍ പാലം അടച്ച് പരിശോധന തുടരുകയാണ്. കമാന്‍ഡോകളും സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസും പരിശോധനയ്ക്കായി രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് തുമ്പ, വേളി തീരപ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ശബരിമലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് ആലപ്പുഴ പൊലീസ് ആസ്ഥാനത്ത് ഇതു സംബന്ധിച്ച ആദ്യ സന്ദേശം ലഭിച്ചത്. കൊച്ചിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്. നാവികസേനയും തിരച്ചില്‍ നടത്തുന്നുണ്ട്. തീരപ്രദേശങ്ങളില്‍ ഹെലികോപ്ടര്‍ നിരീക്ഷണവും നടക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.