എന്‍ഡോസള്‍ഫാന്‍: ക്ലിഫ്ഹൗസിനുമുന്നില്‍ അമ്മമാരുടെ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ പ്രതിഷേധവുമായി തലസ്ഥാനത്ത്. ദുരിതബാധിതരോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഇവര്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഇന്ന് മുതല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്നതിന് 50 ദുരിതബാധിത കുടുംബങ്ങളിലെ വീട്ടമ്മമാരാണ് തിരുവന്തപുരത്തെത്തിയത്.
വീട്ടമ്മമാര്‍ക്കൊപ്പം പൂര്‍ണമായി കിടപ്പിലായ അഞ്ചു പേരും അനിശ്ചിതകാല കഞ്ഞിവെപ്പ് സമരത്തില്‍ പങ്കെടുക്കുന്നു. ആവശ്യം അംഗീകരിച്ചു കിട്ടും വരെ സമരം നടത്താനാണ് തീരുമാനം. സംസ്ഥാന ബജറ്റിലെ അവഗണനയില്‍ പ്രതിഷേധമുണ്ടെന്നും പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ പറഞ്ഞു. നിരവധി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ക്ക് വേദിയായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ വെച്ച് നാട്ടുകാര്‍ സമര വളണ്ടിയര്‍മാര്‍ക്ക് ഇന്നലെയാണ് യാത്രയയപ്പ് നല്‍കിയിത്. വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സമരവേദിയിലെത്തി.