എതിര്‍പ്പുകള്‍ തെറ്റിദ്ധാരണ മൂലം - വി.എസ്.

V.S. Achuthanandan
KBJWD
സംസ്ഥാന സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയത്തോട് ക്രൈസ്തവ സഭയുടെയും എന്‍.എസ്.എസിന്‍റെയും എതിര്‍പ്പുകള്‍ തെറ്റിദ്ധാരണ മൂലമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

എന്‍.എസ്.എസിനെയും ക്രൈസ്തവ സഭകളെയും ചര്‍ച്ചയ്ക്ക് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാസമ്മേളനം കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഒരിടത്തും വി.എസ് സംഘടനാവിഷയങ്ങളോ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചോ ഒരു പരാമര്‍ശവും നടത്തിയില്ല.

സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി കൂടുതലും സംസാരിച്ചത്. എന്‍.എസ്.എസും ക്രൈസ്തവ സഭകളും സംയുക്തമായി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം അദ്ദേഹം വായിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം എന്‍.എസ്.എസിന്‍റെയും സഭകളുടെയും നിലപാടുകളെ വിമര്‍ശിച്ചത്.

തെറ്റിദ്ധാരണ മൂലമാണ് സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയത്തെ ഇവര്‍ എതിര്‍ക്കുന്നത്. ഇവര്‍ ആരോപിക്കുന്നത് പോലെയുള്ള ഒരു കാര്യവും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. കാര്യങ്ങള്‍ മസനിലാക്കാതെയുള്ള സമരങ്ങള്‍ അനാവശ്യമാണ്. സമദൂര സിദ്ധാന്തത്തില്‍ ഉറച്ചു നില്‍ക്കുന്ന എന്‍.എസ്.എസ് ഇപ്പോള്‍ അതില്‍ നിന്നും മാറുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.

സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെതിരെ സമരം ചെയ്യുന്നത് മനസിലാക്കാം. ഒരു കാര്യവുമില്ലാതെ എന്‍.എസ്.എസ് മറിച്ചൊരു തീരുമാനമെടുക്കുന്നത് ദുഖകരമാണ്. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ നടത്തുമ്പോള്‍ വന്‍ തോതില്‍ തുക വാങ്ങാനുള്ള അവകാശം നഷ്ടപ്പെടുമോ എന്ന ഭയമാണ് ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന വേവലാതികള്‍.

വിദേശ ശക്തികളെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് ഒരു സി.ഡിയും പ്രകാശനം ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വയലാറിന്‍റെ ഭാര്യ ഭാരതിതമ്പുരാട്ടിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

കോട്ടയം| WEBDUNIA|
സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായാണ് സി.ഡി ഇറക്കുന്നത്. മന്ത്രിമാരായ എം.എ.ബേബി, എ.കെ.ബാലന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :