aparna|
Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (15:52 IST)
കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജനാണ് റിപ്പോര്‍ട്ട് കൈമാറിയത്.
നാലു വര്‍ഷത്തെ അന്വേഷണമാണ് പൂര്‍ത്തിയായത്. ഈ മാസം 27നു കമ്മീഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലാവധി നീട്ടികിട്ടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
2013 ആഗ്‌സ്ത് 16നാണു സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മീഷനു മുന്‍പാകെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയിരുന്നു.
ഉമ്മന്‍ചാണ്ടിയടക്കം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിലെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വരുന്നതേ ഉള്ളൂ. ഉമ്മൻചാണ്ടിയെക്കൂടാതെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ് നായര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഏതെങ്കിലും തരത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ സരിതയ്ക്ക് വേണ്ടി അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ ഉണ്ടെങ്കിൽ അത് ഉമ്മൻചാണ്ടിക്ക് വിനയാകും.
സംസ്ഥാനത്ത് സൗരോര്‍ജ്ജ സംവിധാനം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയത്.