ഇ മെയില്‍ ചോര്‍ത്തല്‍ സംഭവത്തിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. സംഭവത്തിന് പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇ മെയില്‍ വിവാദത്തില്‍ അറസ്റ്റ് ചെയ്ത എസ് ഐ ബിജുവിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. ബിജുവിന് നേരത്തെ തന്നെ ഇത്തരം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ബിജുവിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ നിന്ന് ഇടപെടലുണ്ടെന്നും പൊലീസ് ഹര്‍ജിയില്‍ പറയുന്നു.
പൊലീസ് ഹൈടെക് സെല്‍ എസ് ഐ ആയിരുന്ന ബിജു സലിമിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നീകുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് കൃത്രിമമായി രേഖകള്‍ ഉണ്ടാക്കി നല്‍കിയെന്ന് ആരോപിച്ചാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന രഹസ്യ രേഖ പുറത്തായത് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.
മുസ്ലീംപേരിലുള്ള നേതക്കള്‍ക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഇ-മെയില്‍ പൊലീസ് ചോര്‍ത്തുന്നെന്ന് മാധ്യമം വാരികയിലാണ് റിപ്പോര്‍ട്ട് വന്നത്. ഇത് ഏറെ വിവാദമായിരുന്നു. പൊലീസ് ചോര്‍ത്തിയെന്ന് ആരോപിക്കുന്ന ഇ-മെയില്‍ ഐ ഡികളുടെ ലിസ്റ്റ് വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റ് വാരികയ്ക്ക് കൈമാറിയത് ബിജു സലീമെന്നാണ് ആരോപണം.