ഇരുളം‍: കളക്ടര്‍ ഇന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും

വയനാട്‌| WEBDUNIA| Last Modified തിങ്കള്‍, 31 ജനുവരി 2011 (09:05 IST)
വയനാട് ജില്ലയിലെ ഇരുളത്തെ മിച്ചഭൂമി കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ ഇന്ന്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇരുളത്ത് ഭൂമി ഒഴിപ്പിക്കല്‍ നടന്നത്. മിച്ചഭൂമിയില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍ ഞായറാഴ്ച പൂര്‍ത്തിയായി.

കല്ലോണിക്കുന്നിലും കോട്ടക്കൊല്ലിയിലും മിച്ചഭൂമിയെന്ന്‌ കണ്ടെത്തിയ 22 കര്‍ഷകരുടെ 13.45 ഏക്കര്‍ സ്ഥലമാണ്‌ സര്‍ക്കാര്‍ ഇന്നലെ തിരിച്ചുപിടിച്ചത്‌. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ്‌ വയനാട്‌ എ ഡി എമ്മിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്‌.

ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ വന്‍ പൊലീസ്‌ സംഘം സ്ഥലത്തുണ്ടായിരുന്നു. കോട്ടക്കൊല്ലിയിലും, കല്ലോണിക്കുന്നിലും ഒരേ സമയത്താണ്‌ ഭൂമി തിരിച്ച്‌ പിടിക്കാനുളള നടപടികള്‍ തുടങ്ങിയത്‌.

26 ഏക്കര്‍ ഭൂമിയാണ്‌ കൈവശ കര്‍ഷകരില്‍ നിന്ന്‌ തിരിച്ച്‌ പിടിക്കുന്നത്‌. ഇതില്‍ റവന്യൂ നടപടിക്കെതിരെ കോടതിയില്‍ നിന്ന്‌ സ്റ്റേ സമ്പാദിച്ച ഏഴു കര്‍ഷകരുടെ ഭൂമി ഒഴിവാക്കിയാണ നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :