ആ കഥ വി‌എസിനോട് ചോദിക്കൂ: പിണറായി

WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാവ് ടിപി ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്‌റ്റ് ആയതെങ്ങനെ എന്ന കഥ വിഎസ് അച്യുതാനന്ദനോട് ചോദിക്കണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. തൃശൂര്‍ പ്രസ്‌ ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

“അഞ്ചാം മന്ത്രി പ്രശ്നവും ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളും യുഡിഎഫിന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയായിരുന്നു. ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ എന്ന രീതിയിലാണ്‌ സിപിഎമ്മിനെതിരെ ആരോപണമുയരുന്നത്‌. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടും സൂചനകള്‍ ലഭിച്ചിട്ടും പോലീസ്‌ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല”

“ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതില്‍ സിപിഎമ്മിന്‌ മടിയില്ല. എന്നാല്‍ സിപിഎമ്മുകാര്‍ വരേണ്ടെന്നും വന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്‌ അവഗണിച്ച്‌ പോയി പ്രശ്നമുണ്ടായാല്‍ എന്തിന്‌ പോയി എന്ന്‌ പിന്നീട്‌ ചോദ്യമുയരും. അതുകൊണ്ടാണ് പോകാതിരുന്നത്. ചന്ദ്രശേഖരന്റെ മരണത്തില്‍ സിപിഎമ്മിന്‌ ഒരു കുറ്റബോധവുമില്ല”

“കേസുമായി ബന്ധപ്പെട്ട നവീന്‍ദാസും പ്രകാശിനും സിപിഎം ബന്ധമില്ല. എന്നാല്‍, അവരുടേത്‌ അറിയപ്പെടുന്ന കോണ്‍ഗ്രസ്‌ കുടുംബമാണ്‌. ചന്ദ്രശേഖരന്‍ വധത്തിന്‌ തീവ്രവാദ ബന്ധമുണ്ടോ എന്ന്‌ സംശയമുണ്ട്. ഇക്കാര്യം അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. കേസില്‍ സിപിഎമ്മിനെതിരെ കുറ്റം ചാര്‍ത്തി തെളിവുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്‌.”

“സിപിഎമ്മിനെ വഞ്ചിച്ച കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണ്. അതേസമയം, ടി.പി ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്‌റ്റ് ആയതെങ്ങനെയെന്ന്‌ വിഎസിനോട്‌ ചോദിക്കണം. ചന്ദ്രശേഖരന്റെ കൊലപാതകം ഗുണം ചെയ്തത്‌ യുഡിഎഫിനാണ്. കഴിഞ്ഞ ദിവസം എല്‍ഡിഎഫ്‌ യോഗസ്‌ഥലത്ത്‌ പോലീസ്‌ കയറിയത്‌ ഇതിനുദാഹരണമാണ്‌.”

“നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അതിരുവിട്ട കളിക്ക്‌ കോണ്‍ഗ്രസും ഭരണകൂടവും തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ്‌ പാര്‍ട്ടിയുടെ ബൂത്ത്‌ കമ്മറ്റി നടക്കുന്നിടത്തേക്ക്‌ പോലീസെത്തിയത്. ഇത്തരത്തില്‍ കാര്യങ്ങള്‍ നീക്കാനാണ്‌ ഉദ്ദേശ്യമെങ്കില്‍ അത്‌ വകവയ്ക്കില്ല. എല്‍ഡിഎഫ്‌ ഇതിനു വഴങ്ങുകയുമില്ല” - പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :