സംസ്ഥാനത്തെ ഏഴുമണിക്കൂറോളം പരിഭ്രാന്തിയില്‍ നിര്‍ത്തിയ എല്‍ടിടിഇ ഭീഷണി ശരിയല്ലെന്ന് സ്ഥിരീകരിച്ചു. അര്‍ത്തുങ്കല്‍ സ്വദേശി ബെന്നിയുടെ ബോട്ടാണ് സംശയകരമായ സാഹചര്യത്തില്‍ നേവിയുടെ ഹെലികോപ്റ്റര്‍ തിങ്കളാഴ്ച ആലപ്പുഴയില്‍ കണ്ടെത്തിയത്.
നിരീക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന നാവികസേനയുടെ വിമാനമാണ് ആലപ്പുഴ ഭാഗത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ ബോട്ട് നീങ്ങിയത് കണ്ടെത്തിയത്. തുടര്‍ന്ന് നേവി ഇക്കാര്യം ഇന്‍റലിജന്‍സ് ബ്യൂറോയെ അറിയിക്കുകയായിരുന്നു.
എന്നാല്‍, ബെന്നിയുടെ വലിയ ബോട്ടില്‍ നിന്ന് ഇയാളുടെ തന്നെ ചെറിയ ബോട്ടിലേക്കു മല്‍സ്യബന്ധന ഉപകരണങ്ങളും മല്‍സ്യവും മാറ്റുന്നത് കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്.
ഇന്നലെ രാത്രിയോടെ ബോട്ടിലെ തൊഴിലാളികളുമായും ബോട്ടുടമയുമായും സംസാരിച്ചു സംഭവം വ്യക്തമായതിനു ശേഷമാണു ഡി ജി പി ജേക്കബ് പുന്നൂസ് ഇക്കാര്യം പുറത്തുവിട്ടത്. ആശങ്കാജനകമായി ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ തുടര്‍ന്നു സംസ്ഥാനമൊട്ടാകെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കടലില്‍ സംശയാസ്‌പദമായ രീതിയില്‍ ബോട്ട് കണ്ടെത്തിയതാണ് സംഭവത്തിനിടയാക്കിയതെന്നും, അതല്ല കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ നിര്‍ദ്ദേശപ്രകാരമുള്ള മോക്ക് ഡ്രില്‍ ആണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.