aparna|
Last Modified തിങ്കള്‍, 10 ജൂലൈ 2017 (15:15 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്ത് മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ ബിഎ ആളൂർ. സംഭവത്തില്‍ സുനിക്ക് വേണ്ടി ആളൂരിനെ കൊണ്ടുവന്നത് ആരാണെങ്കിലും അയാള്‍ കൂര്‍മ ബുദ്ധിക്കാരന് ആണെന്ന് വ്യക്തം. കേസില്‍ ആളൂര്‍ ഇടപെട്ടപ്പോള്‍ മുതല്‍ പൊലീസ് വിയര്‍ക്കുന്നതാണ്.
ക്രിമിനല്‍ അഭിഭാഷകരുടെ പട്ടികയില്‍ ശ്രദ്ധേയനാണ് ആളൂര്‍. ആദ്യം ശബ്ദിച്ച പള്‍സര്‍ സുനി പിന്നീട് മിണ്ടാതായത് ആളൂരിന്റെ ഉപദേശത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ, പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്തിരിക്കുകയാണ് ആളൂര്‍. സുനിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കേ കോടതിയില്‍ വെച്ചാണ് ആളൂര്‍ പൊലീസിനെ നിര്‍ത്തിപ്പൊരിച്ചത്.
പൊലീസിന്റെ ഓരോ പിഴവും എണ്ണിയെണ്ണി ചോദ്യം ചെയ്യുകയാണ് ആളൂര്‍ കോടതിയില്‍. സുനിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത് ജയിലില്‍ വെച്ച് ഫോണ്‍ ചെയ്തതിനാണെന്നും എന്നാല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായിട്ടായിരുന്നു ഇതെന്നും ആളൂര്‍ വാദിച്ചു. തെളിവെടുപ്പിനായി കോയമ്പത്തൂരിൽ കൊണ്ടുപോകുന്നതിനായിരുന്നു കസ്റ്റഡി. പക്ഷേ, കേരളത്തിനു പുറത്തൊരിടത്തും സുനിയെ കൊണ്ടുപോയിട്ടില്ലെന്നും ആളൂർ കോടതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ നടപടി വേണം. ഈ ഉദ്യോഗസ്ഥന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആളൂർ കോടതിയിൽ പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് സുനിയെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതിഭാഗത്തിന്റെ ആരോപണം. ആളൂരിന്റെ പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ക്കോ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കോ അറിയില്ല. അതാരായിരുന്നാലും ആളൂരിനെ തന്നെ കേസ് ഏല്‍പ്പിച്ചതാണ് അവര്‍ ചെയ്ത ഏറ്റവും നിര്‍ണായകമായ നീക്കം.