ആറന്മുള ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ലെന്ന് തന്ത്രി
കൊച്ചി|
WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവളത്തിനായി പാര്‍ഥസാരഥി ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് തന്ത്രി പറഞ്ഞ കാര്യം പരാമര്‍ശിക്കുന്നത്.
കൊടിമരത്തിന്റെ ഉയരം കുറച്ചാല്‍ അത് ദേവീചൈതന്യത്തെ ബാധിക്കുമെന്ന് കാണിച്ച് തന്ത്രി നല്‍കിയ കത്തും കമ്മിഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കായി ക്ഷേത്ര കൊടിമരത്തിന് മുകളില്‍ ലൈറ്റ് സ്ഥാപിക്കുന്നത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണ്. തച്ചുശാസ്ത്രവിധിപ്രകാരമാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഗോപുരത്തിന്റെ സ്ഥാനമാറ്റവും ശരിയല്ല. ക്ഷേത്രത്തിന്റെ പവിത്രതെയും വിശുദ്ധിയെയും കളങ്കപ്പെടുത്തുന്ന നടപടികള്‍ നാടിന്റെ നന്മയ്ക്ക് ഗുണം ചെയ്യില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത വയലുകള്‍ മണ്ണിട്ടു നികത്തിയാല്‍ അത് പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യും. ഇതുമൂലം പമ്പാനദിയില്‍ വെള്ളപ്പൊക്കമുണ്ടാകും. വിമാനത്താവളത്തിനായി നാലോളം കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടി വരും എന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ വിമാനത്താവളം ക്ഷേത്രത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പിന്റെ വാദം.