അഹമ്മദ് വസ്തുതകള്‍ മറച്ചുവെയ്ക്കുന്നു: വിജയകുമാര്‍

തിരുവനന്തപുരം| WEBDUNIA|
കേന്ദ്രമന്ത്രി ഇ അഹമ്മദ് വസ്തുതകള്‍ മറച്ചുവെച്ചാണ് സംസാരിക്കുന്നതെന്ന് മന്ത്രി എം വിജയകുമാര്‍. പാലക്കാട്‌ കോച്ച്‌ ഫാക്ടറി സംബന്ധിച്ച്‌ കേന്ദ്രമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് വിജയകുമാറിനെ ചൊടിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിനെതിരെ ഇ അഹമ്മദ് നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന്‌ മന്ത്രി പറഞ്ഞു. വസ്തുതകള്‍ മറച്ചു വെച്ചാണ്‌ കേന്ദ്രമന്ത്രി സംസാരിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കിയിട്ടുണ്ട്. തുടര്‍ നടപടി സ്വീകരിക്കേണ്ടതു കേന്ദ്ര സര്‍ക്കാരും റെയില്‍ മന്ത്രാലയവുമാണെന്നും വിജയകുമാര്‍ പറഞ്ഞു. കോച്ച്‌ ഫാക്ടറി സ്വകാര്യ മേഖലയിലാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും ഇത്‌ നേരത്തെയുളള വ്യവസ്ഥകള്‍ക്ക്‌ വിപരീതമാണെന്നും വിജയകുമാര്‍ ആരോപിച്ചു.

മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ വിത്യസ്തമായി കേരളം റയില്‍വേക്ക് സൗജന്യമായാണ്‌ സ്ഥലം നല്‍കിയതെന്നും മന്ത്രി അറിയിച്ചു. സ്വകാര്യമേഖലയ്ക്ക്‌ കീഴിലാണ്‌ പദ്ധതി തുടങ്ങുന്നതെങ്കില്‍ സംസ്ഥാനം ഏറ്റെടുത്ത്‌ നല്‍കിയ സ്ഥലത്തിന്‌ തുല്യമായ ഓഹരി സര്‍ക്കാരിന്‌ നല്‍കണം. സംസ്ഥാനത്തിന്‍റെ പ്രതിഷേധം കേന്ദ്രമന്ത്രി ഇ അഹമ്മദിനെ നേരിട്ട്‌ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

പാലക്കാട് കോച്ച് ഫാക്ടറി വൈകാന്‍ കാരണം സംസ്ഥാനസര്‍ക്കാര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വച്ചതാണെന്ന് കൊച്ചിയില്‍ എറണാകുളം - പൂണെ ട്രെയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ന് കേന്ദ്ര
മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായാണ് വിജയകുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :