മലപ്പുറം|
WEBDUNIA|
Last Modified വെള്ളി, 16 ജനുവരി 2009 (11:09 IST)
അലിഗഡ് സര്‍വകലാശാല കാമ്പസ് കേരളത്തിലെവിടെ വേണമെങ്കിലും സ്ഥാപിക്കാമെന്ന യു ഡി എഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍റെ പ്രസ്താവനയ്ക്കെതിരെ ടികെ ഹംസ എം പി പ്രതികരിച്ചു.
തങ്കച്ചന്‍റെ പ്രസ്‌താവന അദ്ദേഹത്തിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാകാമെന്ന് അലിഗഡ് കോര്‍ട്ട് അംഗം കൂടിയായ ടി കെ ഹംസ ആരോപിച്ചു. എറണാകുളത്തോ കോട്ടയത്തോ ഓഫ് കാമ്പസ് കൊണ്ടു വരാമെന്നായിരിക്കും അദ്ദേഹം കരുതുന്നതെന്നും ഹംസ പറഞ്ഞു.
എന്നാല്‍ യു ഡി എഫ് കണ്‍വീനറുടെ പ്രസ്താവന മലപ്പുറം ഡി സി സി തിരുത്തിയിട്ടുണ്ട്. അലിഗഡ് സര്‍വകലാശാല ഓഫ് കാമ്പസ് മലപ്പുറം ജില്ലയില്‍ തന്നെയാണു തുടങ്ങേണ്ടതെന്ന് ഡി സി സി നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ മുഴുവന്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആളെന്ന നിലയ്ക്കാണ് പി പി തങ്കച്ചന്‍ ഓഫ് കാമ്പസ് കേരളത്തില്‍ എവിടെയുമാകാമെന്ന് പറഞ്ഞതെന്നും ഡി സി സി നേതൃത്വം വിശദീകരിക്കുന്നു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടു പ്രകാരം ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതലുള്ള മേഖലയിലാണ് ഓഫ് കാമ്പസ് സ്ഥാപിക്കേണ്ടത്. കേരളത്തില്‍ അത് മലപ്പുറത്തായിരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഈ ആവശ്യമുന്നയിച്ച് മുസ്ലിം ലീഗ് സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രസ്താവനയുമായി യു ഡി എഫ് കണ്‍വീനര്‍ രംഗത്ത് എത്തിയത്.