അരിവില കുറയ്ക്കാന്‍ സഹകരണവകുപ്പും

തിരുവനന്തപുരം| M. RAJU| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2007 (09:59 IST)
സംസ്ഥാനത്ത്‌ അരിയുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്‌ സഹകരണമേഖല ഒന്നടങ്കം രംഗത്തിറങ്ങുകയാണെന്ന്‌ സഹകരണ വകുപ്പു മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

അരിവില പിടിച്ചു നിര്‍ത്താനുള്ള വിലക്കയറ്റ വിരുദ്ധ സഹകരണ അരിക്കടകളുടെ വിശദമായ പദ്ധതി തയ്യാറാക്കുവാന്‍ സഹകരണ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന്‌ എറണാകുളത്ത്‌ സഹകരണ ഉദ്യോഗസ്ഥരുടെയും കണ്‍സ്യൂമര്‍ ഫെഡ്‌ ഭാരവാഹികളുടെയും യോഗം ചേരും.

വിലക്കയറ്റ വിരുദ്ധ സഹകരണ അരിക്കടകളുടെ വിശദാംശങ്ങള്‍ ഈ യോഗത്തിന്‌ ശേഷം സഹകരണ മന്ത്രി പ്രഖ്യാപിക്കും. അരിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തി ന്യായവിലയ്ക്ക്‌ ജനങ്ങള്‍ക്ക്‌ അരി ലഭ്യമാക്കുവാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്‌ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്‌.

ഇതിന്‍റെ ഭാഗമായി ഭക്‍ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പു ആരംഭിക്കുന്ന അരിക്കടകള്‍ക്കു പുറമെ പരമാവധി അരിക്കടകള്‍ കേരളത്തിലുടനീളം സ്ഥാപിക്കാന്‍ സഹകരണ വകുപ്പ്‌ മുന്‍കയ്യെടുക്കും. കേരളത്തിലെ സഹകരണ മേഖല ഒന്നാകെ രംഗത്തിറങ്ങുമ്പോള്‍ അരിയുടെ വില ഗണ്യമായി കുറയും.

സംസ്ഥാനത്ത്‌ വിലക്കയറ്റം രൂക്ഷമായ ഫെബ്രുവരിയിലും സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡിന്‍റെ നേതൃത്വത്തില്‍ വ്യാപകമായി വില്‍പ്പനശാലകള്‍ ആരംഭിക്കുകയും തുടര്‍ന്ന്‌ പൊതു വിപണിയില്‍ വില കുത്തനെ ഇടിയുകയും ചെയ്തിരുന്നു. കഴിഞ്ഞ തിരുവോണക്കാലത്തും റംസാന്‍ കാലത്തും വ്യാപകമായി ന്യായവില വില്‍പ്പനശാലകള്‍ ആരംഭിക്കാന്‍ സഹകരണ വകുപ്പിനു കഴിഞ്ഞു.

ഈ വരുന്ന ക്രിസ്മസ്‌ കാലത്ത്‌ ആയിരം ക്രിസ്മസ്‌ വില്‍പ്പനശാലകള്‍ക്കു പുറമെയാണ്‌ സഹകരണ ന്യായവില അരികടകള്‍ സംസ്ഥാനത്തുടനീളം ആരംഭിക്കുക. സഹകരണ ക്രിസ്മസ്‌ ചന്തകളുടെ ഉദ്ഘാടനം ഡിസംബര്‍ 14ന്‌ കോട്ടയത്ത്‌ പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സഹകരണ മന്ത്രി നിര്‍വ്വഹിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :