കവിയൂര്‍ കേസില്‍ അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചതിന് തെളിവില്ലെന്ന് കോടതി. അനഘയെ പീഡിപ്പിച്ചത് പിതാവാണെന്ന സി ബി ഐ റിപ്പോര്‍ട്ട് കുടുംബത്തിന് തീരാകളങ്കമുണ്ടാക്കിയെന്നും തിരുവനന്തപുരം സി ബി ഐ കോടതിയാണ് അഭിപ്രായപ്പെട്ടു.
അനഘ പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 24 മുതല്‍ 25 മണിക്കൂറുകള്‍ക്ക് മുന്‍പാണെന്നും, ഈ സമയത്ത് അനഘ വീടിന് പുറത്ത് പോവുകയോ, മറ്റാരെങ്കിലും വീട്ടിലേക്ക് വരികയോ ചെയ്തിട്ടില്ലെന്നാണ് സി ബി ഐയുടെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് കുറ്റക്കാരന്‍ പിതാവാണെന്ന അനുമാനത്തില്‍ സി ബി ഐ എത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാലയളവ് മരണത്തിന് മുന്‍പ് 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളാണ്. ഇത് ഗുരുതരമായ വൈരുദ്ധ്യമാണെന്ന് കോടതി കണ്ടെത്തി.
ഏത് ഏജന്‍സി അന്വേഷിച്ചാലും കവിയൂര്‍ കേസ് തെളിയിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജന്‍സികള്‍ യഥാസമയം തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലോക്കല്‍ പോലീസ് തെളിവുകള്‍ സൂക്ഷിക്കാഞ്ഞതിനെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ വേണ്ടവിധത്തില്‍ അന്വേഷിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
നാരായണന് നമ്പൂതിരിക്കെതിരെ സി ബി ഐ റിപ്പോര്‍ട്ടിലുള്ള പരാമര്‍ശം നീക്കണമെന്ന് കാണിച്ച് സഹോദരന് ഉണ്ണികൃഷ്ണന് നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.