അട്ടപ്പാടി: ഉദ്യോഗസ്ഥ ഇടപാട് വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 10 നവം‌ബര്‍ 2010 (12:52 IST)
അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി കൈയേറിയ കാറ്റാടി കമ്പനിയെ ഒഴിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ, അട്ടപ്പാടി ഭൂമി ഇടപാടില്‍ പങ്കുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്കാനും യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അട്ടപ്പാടിയില്‍ ഒന്നുകൂടി സര്‍വ്വേ നടത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. റീസര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്ര ഭൂമിയുണ്ടെങ്കിലും ആ ഭൂമി മുഴുവന്‍ ഒഴിപ്പിക്കുമെന്നും അത് ആദിവാസികള്‍ക്ക് നല്കുമെന്നും നടപടിക്ക് ഏറ്റവും കൂടിയാല്‍ മൂന്നു മാസം മതിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, പൊതുമരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മോണിട്ടറിംഗ് സമിതിയെ നിയമിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വിഴിഞ്ഞം നിര്‍മ്മാണത്തിനുള്ള ഷിപ്പിംഗ് കോര്‍പ്പറേഷന്‍ വലിയ തോതില്‍ താല്പര്യം കാണിക്കാത്ത സാഹചര്യത്തില്‍ അടുത്ത മന്ത്രിസഭായോഗത്തിനു മുമ്പായി പണം കണ്ടെത്താനും തീരുമാനമായി.

സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :