പ്രശസ്ത സിനിമാ നടി അടൂര്‍ പങ്കജം (85) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം കാരണം ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്ന പങ്കജം ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
അടൂര്‍ പന്നിവിഴയിലെ ജയാമന്ദിരത്തില് വച്ചായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.
കഴിഞ്ഞ വര്‍ഷം അന്തരിച്ച അടൂര്‍ ഭവാനിയുടെ ഇളയ സഹോദരിയാണ് പങ്കജം. അടൂര്‍ സഹോദരിമാരിലെ ഇളയ വളായ പങ്കജം നാനൂറില്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടാണ് പ്രേക്ഷക മനസ്സിലെ സ്ഥിര സാന്നിധ്യമായി മാറിയത്.
സഹനടിയും ഹാസ്യ നടിയുമായി മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച പങ്കജം നാടകാഭിനയത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കെ പി പണിക്കരുടെ നടനകലാവേദിയിലൂടെ അഭിനയ രംഗത്ത് എത്തിയ ഈ അടൂര്‍ക്കാരി കേരള കലാനിലയത്തിന്റെ ‘മധുരമാധുര്യം’ എന്ന നാടകത്തില്‍ ആദ്യമായി നായികാ വേഷമിട്ടു.
കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഭരത കലാചന്ദ്രിക എന്ന നാടക ട്രൂപ്പില്‍ അഭിനയിക്കുമ്പോഴാണ് വിവാഹം നടന്നത്. ഭരത കലാചന്ദ്രികയുടെ ഉടമയായ ദേവരാജന്‍ പോറ്റിയാണ് പങ്കജത്തിന്റെ ജീവിത പങ്കാളിയായത്. സിനിമയില്‍ ഒട്ടൊന്ന് തിരക്കൊഴിഞ്ഞപ്പോഴേക്കും പങ്കജം അടൂരില്‍ ജയാ തീയറ്റേഴ്സ് എന്ന നാടക ട്രൂപ്പ് രൂപീകരിച്ചു. പതിനെട്ട് വര്ഷത്തോളന് ജയാ തീയറ്റേഴ്സിനെ സജീവമാക്കി നിര്‍ത്താനും പങ്കജത്തിന് കഴിഞ്ഞു.