ജില്ല സ്ഥിതി ചെയ്യുന്നത് ഉയര്‍ന്ന പ്രദേശത്തായതുകൊണ്ടാണ് ഇതിന് മലപ്പുറം എന്ന പേരുണ്ടായത്. പുരാതന മദ്ധ്യകാലഘട്ടങ്ങളില്‍ ഇവിടം സാമൂതിരി രാജവംശത്തിന്‍െറ പട്ടാളആസ്ഥാനമായിരുന്നു. തുടര്‍ന്ന് ഈ ജില്ല ബ്രിട്ടീഷുകാരുടെ അധീനതയില്‍ ആയി.
ബ്രിട്ടീഷ് അധികൃതര്‍ക്ക് മലപ്പുറം എന്നും ഒരു തലവേദനയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായി ഈ ജില്ല ഐതിഹാസിക സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ രൂപീകരിച്ച മലബാര്‍ സ്പെഷ്യല്‍ പോലീസ് സേന ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്താനായിട്ടായിരുന്നു. ഹിന്ദുക്കളും മുസ്ളിംങ്ങളും സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്ന ഈ പ്രദേശം സാംസ്ക്കാരിക കേരളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തവയാണ്.
വേദപഠനങ്ങള്‍ക്കും ഇസ്ളാംമതപഠനങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം കൊടുത്ത മലപ്പുറം ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നും ഒരു പാടു നായകരെ സാംസ്ക്കാരിക കേരളത്തിന് നല്‍കിയിട്ടുണ്ട്.
മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛനും തുള്ളല്‍ കവിതയുടെ ഉപജ്ഞാതാവായ കുഞ്ചന്‍ നന്പ്യാരും ഒരു പാട് മാപ്പിള കവികളും മലയാള സാഹിത്യത്തിന് മലപ്പുറം നല്‍കിയ സംഭാവനകളാണ്.