സ്മാര്‍ട്ട്‌ഫോണില്‍ നോക്കിയ-മൈക്രോസോഫ്റ്റ് കൂട്ടുകൃഷി

ലണ്ടന്‍| WEBDUNIA|
PRO
ഒറ്റക്ക് കൂട്ടിയാല്‍ കൂടാത്തത് ഒരുമിച്ചൊന്നു പിടിച്ചാല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റും നോക്കിയയും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നോക്കിയയും മൈക്രോസോഫ്റ്റും ഒന്നിക്കുന്ന സംയുക്ത സംരംഭത്തില്‍ മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് പ്ലാറ്റ്ഫോമിലായിരിക്കും നോക്കിയയുടെ സങ്കേതികത പ്രവര്‍ത്തിക്കുക. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഗൂഗിളിന്‍റെയും ആപ്പിളിന്‍റെയും കുത്തക പൊളിക്കാന്‍ മൈക്രോസോഫ്റ്റും നോക്കിയയും നടത്തിവന്നിരുന്ന സകല പരിപാടികളും പാളിയതാണ് പുതിയ നീക്കത്തിനു പിന്നില്‍ എന്നറിയുന്നു.

മേഖലയില്‍ നോക്കിയയ്ക്ക് പണ്ടുണ്ടാ‍യിരുന്ന ആധിപത്യം ഗൂഗിളിന്റെ ആന്‍‌ഡ്രോയിഡിന്റെയും ആപ്പിളിന്‍റെയും കടന്നാക്രമണത്തില്‍ ക്രമേണ കുറയുകയാണുണ്ടായത്. മൈക്രൊസോഫ്റ്റിന്‍റെ ശ്രമങ്ങളാകട്ടെ, സാങ്കേതിക മികവിന്‍റെ കാര്യത്തില്‍ പ്രശംസ പിടിച്ചു പറ്റിയതല്ലാതെ ഉപഭോക്താക്കള്‍ ഏറ്റെടുക്കുകയുണ്ടായില്ല.

വിപണിയില്‍ നിന്നുള്ള അന്യവല്‍ക്കരണ ഭീ‍തി തന്നെയാണ് പുതിയ കൂട്ടുകൃഷിക്കു പിന്നിലെന്ന് നിരീക്ഷകര്‍ പറയുന്നു. ആപ്പിളിന്‍റെ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ വന്‍ വിപ്ലവങ്ങള്‍ തന്നെ സൃഷ്ടിക്കുമ്പോള്‍ വെറുതെ നോക്കി നില്‍ക്കാന്‍ മാത്രമേ സെല്‍ഫോണ്‍ രംഗത്തെ ഭീമനായിട്ടും നോക്കിയയ്ക്ക് സാധിക്കുന്നുള്ളൂ.

കഴിഞ്ഞ വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വന്‍ മുന്നേറ്റമാണ് വിപണിയില്‍ നടത്തിയത്. ഇതിനു കാരണം സ്മാര്‍ട്ട്‌ഫോണുകളുടെ പ്ലാറ്റ്ഫോം തകരാര്‍ തന്നെയാണെന്ന് നോക്കിയ സമ്മതിക്കുന്നു. മൈക്രോസോഫ്റ്റുമായുള്ള കൈകോര്‍ക്കല്‍ നടപ്പുവര്‍ഷം തങ്ങളുടേതാക്കുമെന്നാണ് നോക്കിയ പ്രതീക്ഷിക്കുന്നത്. എന്തായാലും നോക്കിയയുടെ ജനപ്രിയതയും മൈക്രോസോഫ്റ്റിന്റെ സാങ്കേതികമികവും കൈകോര്‍ക്കുമ്പോള്‍ മൊബൈല്‍ രംഗത്ത് വിപ്ലവം നടക്കും എന്ന് നമുക്കും പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :