ലോകത്ത് എത്ര പേര്‍ ട്വിറ്ററില്‍ കുറുകുന്നു?

ചെന്നൈ| WEBDUNIA|
PRO
ലോകത്ത് എത്രപേര്‍ ട്വിറ്ററില്‍ സജീവമാണ്? ഈ ചോദ്യം ‘കോട്ടയത്ത് എത്ര മത്തായി ഉണ്ട്’ എന്ന ചോദ്യം പോലെ പരിഗണിക്കേണ്ട ഒന്നാണ്. കോട്ടയത്തെ മത്തായിമാരെ കണ്ടെത്താന്‍ ടെലിഫോണ്‍ ഡയറക്ടറിയും വില്ലേജാപ്പീസ് വിവരങ്ങളും മറ്റ് സര്‍ക്കാര്‍ വിവരങ്ങളുമെല്ലാം തപ്പാം. എന്നാല്‍ ട്വിറ്റര്‍ ഉപയോക്താക്കളെ കണ്ടെത്താനോ? ട്വിറ്ററിനെ തന്നെ ആശ്രയിക്കാതെ തരമില്ല. ട്വിറ്ററും ട്വിറ്റര്‍ ആരാധകരും അവകാശപ്പെടുന്നത് പോലെ അത്രയധികം സജീവ ഉപയോക്താക്കള്‍ ട്വിറ്ററിന് ഇല്ല എന്നാണ് ബിസിനസ് ഇന്‍‌സൈഡര്‍ പറയുന്നത്.

ട്വിറ്ററിന്റെ ആഭ്യന്തര സ്ഥിതിവിവരം സൂക്ഷിക്കുന്ന കണക്കപ്പിള്ളമാരെ ബിസിനസ് ഇന്‍സൈഡര്‍ പാട്ടിലാക്കിയാണ് സത്യം ചോര്‍ത്തിയതെത്രെ. അവര്‍ പറയുന്നത് പ്രകാരം ട്വിറ്ററിന്റെ മൊത്തം ഉപയോക്താക്കള്‍ 175 ദശലക്ഷമാണ്. ഇതില്‍ 90 ദശലക്ഷം പേരെ ആരും പിന്തുടരുന്നില്ല. അതിനര്‍ത്ഥം അവര്‍ എല്ലാവരും മറ്റാരെയും പിന്തുടരുന്നില്ല എന്നല്ല. ഇതില്‍ 56 ദശലക്ഷം പേര്‍ ആരെയും പിന്തുടരുന്നില്ല. മറ്റൊരു 56 ദശലക്ഷം പേര്‍ പിന്തുടരുന്ന ആളുകളുടെ എണ്ണം എട്ടില്‍ താഴെയാണ്. വേറൊരു 36 ദശലക്ഷമാകട്ടെ പതിനാറോ അതിലധികമോ ആളുകളെ തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പിന്തുടരുന്നു.

ചുരുക്കത്തില്‍ ട്വിറ്ററില്‍ സജീവമായി കുറുകിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം 36 ദശലക്ഷത്തിനും അമ്പത്താറ് ദശലക്ഷത്തിനും ഇടയിലാണെന്ന് ഊഹിക്കാം. അതേസമയം പ്രചരിപ്പിക്കപ്പെടുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 200 ദശലക്ഷം ഉപയോക്താക്കളുണ്ട് എന്നതാണ് ഇതുസംബന്ധിച്ച് പൊതുവില്‍ അംഗീകരിക്കപ്പെട്ട തിയറി. ഇത്തരം കണക്കുകളില്‍ ആളുകള്‍ വളരെ പെട്ടെന്ന് വീഴുന്നു.

കണ്ടമാനം ആളുകള്‍ അക്കൌണ്ട് എടുത്തു കഴിഞ്ഞെന്നും താന്‍ വെറും ഇരുന്നൂറ്റി ഒന്ന് ദശലക്ഷത്തി ഒന്നാമന്‍ മാത്രമാണ് എന്നും അപകര്‍ഷപ്പെട്ട് ചിലര്‍ ട്വിറ്റര്‍ അക്കൌണ്ട് സമ്പാദിക്കാന്‍ തത്രപ്പെടുന്നു. അവരോടെല്ലാം പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. നിങ്ങള്‍ തത്രപ്പെടുന്നതിന് മുമ്പ് കണക്കുകള്‍ വൈരുദ്ധ്യാത്മകമായി ഒന്നു വിലയിരുത്തണം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :