മോട്ടറോള 3G ആന്‍ഡ്രോയിഡ് മോഡല്‍; 18,990 രൂപ

ചെന്നൈ| WEBDUNIA|
PRO
PRO
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്നായ മോട്ടറോളയുടെ ഇന്ത്യന്‍ വിഭാഗമായ മൊബിലിറ്റി ഇന്ത്യ പുതിയ 3ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍‌ഡ്രോയിഡിലാണ് ഡിഫി പ്രവര്‍ത്തിക്കുക. 18,990 രൂപ വിലയിട്ടിരിക്കുന്ന ഈ മോഡലിന് ഡിഫൈ എന്നാണ് പേരിട്ടിരിക്കുന്നത്.

“ആന്‍‌ഡ്രോയിഡ് 2.1-ലാണ് ഡിഫൈ രൂപകല്‍‌പന ചെയ്തിരിക്കുന്നത്. ഒരു സ്മാര്‍ട്ട്‌ഫോണില്‍ ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്ന എല്ലാം ഇതിലുണ്ടാകും. നൂതന രീതിയിലുള്ള വെബ് ബ്രൌസിംഗ്, വിനോദ - മെസ്സേജിംഗ് സം‌വിധാനങ്ങള്‍ തുടങ്ങി, ദൈനം‌ദിന ജീവിതത്തില്‍ ചെയ്യേണ്ടുന്ന എല്ലാം ഇതിലൂടെ ചെയ്യാം.”

“ഡിഫൈയുടെ മറ്റൊരു പ്രത്യേകത ‘ഡസ്റ്റ് പ്രൂഫും’ ‘വാട്ടര്‍ പ്രൂഫും’ നല്‍കുന്നു എന്നതാണ്, പെട്ടെന്നൊരു മഴ പെയ്താലോ ചായ തട്ടിപ്പോയാലോ മണ്ണില്‍ ഫോണ്‍ വീണാലോ ഡിഫൈക്ക് ഒന്നും സംഭവിക്കില്ല. ഡിഫൈക്ക് വലിയ ഡിസ്‌പ്ലേ പ്രതലമാണുള്ളത്. ‘സ്ക്രാച്ച്’ പറ്റാത്ത സാങ്കേതികവിദ്യയാണ് ഈ ഡിസ്‌പ്ലേ പ്രതലത്തിന്റെ നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്” - മോട്ടറോള മൊബിലിറ്റി ഇന്ത്യയുടെ ഇന്ത്യയിലെ മേധാവി ഫൈസല്‍ സിദ്ദിക്കി പറയുന്നു.

ഡിഫിക്ക് 3.7 ഇഞ്ച് വീതിയുള്ള ടച്ച് സ്‌ക്രീന്‍ ആണുള്ളത്. ഡിജിറ്റല്‍ സൂമോട് കൂടിയ അഞ്ച് മെഗാപിക്സല്‍ ക്യാമറ, ബ്ലൂടൂത്ത് 2.1, 2 ജിബി മെമ്മറി (ഇത് 32 ജിബി വരെ കൂട്ടാവുന്നതാണ്), 800 മെഗാഹെര്‍‌ട്ട്‌സ് സിപിയു, 800 മെഗാഹെര്‍‌ട്ട്‌സ് ടെക്സാസ് ഇന്‍സ്‌ട്രുമെന്റ്സ് OMAP 3610 പ്രോസസ്സര്‍, 6.8 ബാക്കപ്പ് തരുന്ന ബാറ്ററി എന്നിവയും ഡിഫിയുടെ പ്രത്യേകതയാണ്.

നിലവിലെ മൊബൈല്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍‌ഡ്രോയിഡ്. ഗൂഗിളാണ് ആന്‍‌ഡ്രോയിഡിന്റെ ഉപജ്ഞാതാക്കള്‍ എങ്കിലും ഇപ്പോള്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പുകള്‍ വികസിപ്പിച്ചെടുക്കുന്നത് ഓപ്പണ്‍ ഹാന്‍‌ഡ്‌സെറ്റ് അലയന്‍സ് ആണ്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ടെലികോം മേഖലകളില്‍ നിന്നുള്ള 47 കമ്പനികള്‍ അടങ്ങുന്ന ഒരു കണ്‍‌സോഷ്യമാണ് ഓപ്പണ്‍ ഹാന്‍‌ഡ്‌സെറ്റ് അലയന്‍സ്.

ആന്‍‌ഡ്രോയിഡ് ഒരു ഓപ്പണ്‍ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയതിനാല്‍, മൂന്നാം കക്ഷികള്‍ വികസിപ്പിക്കുന്ന ആപ്ലിക്കേഷനുകളും ഗെയിമുകളും മ്യൂസിക്ക് പ്ലെയറുകളും പ്രദേശാധിഷ്ഠിത സേവനങ്ങളും ആന്‍‌ഡ്രോയിഡ് ഉപയോഗിക്കുന്ന മൊബൈലുകളില്‍ ഉപയോഗിക്കാം. ആന്‍‌ഡ്രോയിഡ് മൊബൈലുകള്‍ക്ക് ലോക വിപണിയില്‍ ലഭിക്കുന്ന വരവേല്‍‌പ്പ് കണക്കിലെടുക്കുമ്പോള്‍ മോട്ടറോളയുടെ ഈ ‘ഹൈ എന്‍‌ഡ്’ 3ജി സ്മാര്‍ട്ട്‌ഫോണായ ഡിഫൈ ഇന്ത്യയില്‍ ചരിത്രം വിരചിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :