പൈറസി സെല്‍ നോക്കുകുത്തി; ഉറുമി യൂട്യൂബിലും!!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഉറുമി നെറ്റിലിട്ടതിന് എതിരെ പൃഥ്വിരാജും അമ്മ മല്ലികാ സുകുമാരനും കേരളക്കരയില്‍ നടത്താത്ത യുദ്ധങ്ങളില്ല. അവസാനം വിവര സാങ്കേതിക വിദ്യയുടെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പുതിയ മലയാള സിനിമകളുടെ അനധികൃത വിതരണം തടയുന്നതിനായി ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ ഡിഐജി എസ്‌ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒരു ദൌത്യസംഘം രൂപീകരിക്കപ്പെടുകയും ചെയ്തു. ഇതൊക്കെ നടന്ന് ആഴ്ചകള്‍ പിന്നിട്ടെങ്കിലും ഏറ്റവും പ്രശസ്ത വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ പോലും ഇപ്പോള്‍ ഉറുമി ലഭ്യമാണ്.

ഇന്റര്‍നെറ്റ് വഴിയുള്ള സിനിമകളുടെ അനധികൃത വിതരണം തടയുന്നതിനായി സാങ്കേതിക വിദഗ്‌ധരും പോലീസും ഉള്‍‌പ്പെട്ട സമിതി കൊച്ചിയില്‍ രൂപം കൊണ്ടിരുന്നു. ഇന്റര്‍നെറ്റ്‌ വഴിയും സിഡികളിലൂടെയുമുള്ള സിനിമാ മോഷണം കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം. ഒപ്പം, ഇന്റര്‍നെറ്റിലൂടെ സിനിമ കാണുന്നവരെയും കേസില്‍ പ്രതികളാക്കും എന്നും പൊലീസ് പറയുന്നുണ്ട്.

മലയാളീസ് ഡോട്ട് വെബ്സ് ഡോട്ട് കോം എന്ന സൈറ്റിന് വേണ്ടി യുവി മധു വിജയന്‍ എന്നൊരു യൂസറാണ് 12 ഭാഗങ്ങളായി ഉറുമി എന്ന പുതിയ സിനിമ ‘ഇമുറു’ (IMURU) എന്ന പേരില്‍ യൂട്യൂബില്‍ ഇട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടാഴ്ചകള്‍ കൊണ്ട് ആയിരക്കണക്കിന് നെറ്റ് യൂസര്‍മാര്‍ ഈ സിനിമ കാണുകയും ചെയ്തു. എന്നിട്ടും ആന്റി പൈറസി സെല്ലിന് ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

മലയാളീസ് ഡോട്ട് വെബ്സ് ഡോട്ട് കോം എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ ചൈനാ ടൌണും മേരിക്കുണ്ടൊരു കുഞ്ഞാടും ഉള്‍‌പ്പെടെ ഏതാണ്ടെല്ലാ പുതിയ സിനിമകളും ഇവിടെ ലഭ്യമാണ്. പുതിയ സിനിമകളില്‍ ചെറിയ കഷണങ്ങളായി മുറിച്ച് യൂട്യൂബ്, വീഡിയോസെര്‍, യോക്കു തുടങ്ങിയ വീഡിയോ ഷെയറിംഗ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് മലയാളീസ് ഡോട്ട് വെബ്സ് ഡോട്ട് കോം എന്ന സൈറ്റില്‍ ലിങ്ക് നല്‍‌കിയിരിക്കുകയാണ് വിരുതന്മാരാരോ.

ആഷ്‌മാജിക്ക് ഡോട്ട് കോമെന്ന സൈറ്റില്‍ ഉറുമി അനധികൃതമായി ഡൌണ്‍‌ലോഡ് ചെയ്യാന്‍ സൌകര്യം ഒരുക്കിയെന്ന് ആരോപിച്ച് പൃഥ്വിരാജിന്റെ അമ്മ ക്രൈംബ്രാഞ്ച് ഡിഐജി എസ് ശ്രീജിത്തിനും ഹൈടെക് സെല്ലിനും പരാതി നല്‍കിയതോടെയാണ് ആന്റി പൈറസി സെല്‍ ഉഷാറായത്. ആഷ്‌മാജിക്ക് ഡോട്ട് കോമിന്റെ ഉടമയായ ജോണ്‍ കൊടിയനെതിരെ അഞ്ചു കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യാന്‍ പോകുകയാണെന്ന് ഇക്കഴിഞ്ഞ ദിവസം മല്ലികാ സുകുമാരന്‍ അറിയിച്ചിരുന്നു. അതിനിടയിലാണ് യൂട്യൂബില്‍ തന്നെ ഉറുമി ലഭ്യമായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :