പുസ്തകഭാരം പടികടത്താന്‍ ചൈനീസ് സ്കൂളുകള്‍!

ചൈന
നാന്‍‌ജിംഗ്| WEBDUNIA|
PRO
PRO
താങ്ങാന്‍ പറ്റാത്ത ഭാരവുമായി സ്കൂളിലേക്ക് പോകുന്ന കുരുന്നുകളെ പറ്റി വിദ്യാഭ്യാസ വിചക്ഷണരും സാമൂഹ്യ പ്രവര്‍ത്തകരും പരാതി പറയാറുണ്ടെങ്കിലും സ്കൂള്‍ അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. അതിനാല്‍, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന നയപ്രകാരം ഇന്നും കിലോക്കണക്കിന് പുസ്തകഭാരവുമായി ഇന്ത്യന്‍ കുട്ടികള്‍ സ്കൂളുകളിലേക്ക് മാര്‍ച്ച് നടത്തുന്നു. എന്നാല്‍, ചൈനയില്‍ ഈ സ്ഥിതി മാറും. പുസ്തകങ്ങള്‍ക്ക് പകരം ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പഠിപ്പിക്കാനാണ് ചൈനയുടെ തീരുമാനം.

രാജ്യത്തെ ചില സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ വരുന്ന വിദ്യാഭ്യാസ വര്‍ഷത്തില്‍ തന്നെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനാണ് ചൈനയുടെ തീരുമാനം. ഇതനുസരിച്ച് ജിയാംഗ്‌സൂ പ്രവിശ്യയിലുള്ള നാന്‍‌ജിംഗ് നഗരത്തിലെ സ്കൂളുകളില്‍ ഈ നയം നടപ്പാക്കും. ജിന്‍‌ലിംഗ് ഹൈസ്കൂളിലാണ് ഈ ‘ഹൈ-ടെക്ക് ഗാഡ്ജെറ്റ് വിദ്യാഭ്യാസ നയം’ നടപ്പിലാകുന്നത്. ഇത് വിജയിച്ചാല്‍, അധികം താമസിയാതെ തന്നെ ചൈനയിലെ മറ്റിടങ്ങളിലുള്ള സ്കൂളുകളിലും പുതിയ രീതി യാഥാര്‍ത്ഥ്യമാകും.

പുസ്തകങ്ങള്‍ക്ക് പകരമായി ചൈനീസ് നിര്‍മിത ഐപാഡുകളാണ് ഈ സ്കൂളില്‍ ഉപയോഗിക്കുക. രാജ്യത്തിന് പുറത്തുള്ള ‘എജ്യൂക്കേഷണല്‍ റിസോഴ്സു’കള്‍ ഉപയോഗിക്കാനുള്ള അനുമതി ഈ ഐപാഡുകള്‍ക്ക് ഉണ്ടായിരിക്കും. സാറ്റ്, ടോഫെല്‍, എ‌പി തുടങ്ങിയ അന്തര്‍ദ്ദേശീയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ രീതി ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

പരമ്പരാഗത വിദ്യാഭ്യാസ വിചക്ഷണര്‍ ഈ പുതിയ പരിഷ്കരണത്തില്‍ തൃപ്തരല്ല. എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ക്ക് മുന്നില്‍ വിവരസാങ്കേതികവിദ്യയുടെ അത്ഭുതലോകം തുറന്നിട്ടാല്‍ ദുരുപയോഗത്തിന് സാധ്യത ഉണ്ടെന്ന് ഇവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍, എല്ലാ ഐപാഡുകളിലും അധ്യാപകര്‍ക്ക് ‘ടെക്ക്‌നിക്കല്‍ കണ്‍‌ട്രോള്‍’ ഉണ്ടായിരിക്കുമെന്നും ദുരുപയോഗം എന്ന സംശയം തന്നെ ഉത്ഭവിക്കുന്നില്ലെന്നും പുതിയ രീതിയെ പിന്തുണയ്ക്കുന്നവര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

പുതിയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തുകൊണ്ട്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ അവരുടെ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. ‘ക്ലാസില്‍ ഐപാഡ് ഉപയോഗിക്കാന്‍ ഭാഗ്യം ലഭിച്ചവരോട് എനിക്ക് അസൂയയുണ്ട്. എന്നാണാവോ എന്റെ സ്കൂളില്‍ ഐപാഡ് ഉപയോഗിക്കാന്‍ കഴിയുക?’ എന്നാണ് ‘സീക്രട്ട് കേന്‍ നോട്ട് ബി ടോള്‍ഡ്’ എന്ന ബ്ലോഗര്‍ തന്റെ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ ഇതൊക്കെ കാണുന്നുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :