ട്വിറ്ററില്‍ രാജകീയ സാന്നിധ്യം

ലണ്ടന്‍| WEBDUNIA|
ഇന്‍റര്‍നെറ്റ് ലോകത്തെ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്‍റെ പ്രചാരം സാമ്രാജ്യങ്ങള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിട്ടി താരങ്ങളും ലോകനേതാക്കളും ട്വിറ്ററിനു പിന്നാലെയാണ്. രാജകുടുംബങ്ങള്‍ പോലും ട്വിറ്ററിലെ സ്ഥിരം സന്ദര്‍ശകരായി മാറിയിരിക്കുന്നു. ഏറ്റവും അവസാനമായി ബക്കിംങ്‌ഹാം രാജകുടുംബവും ട്വിറ്ററിലേക്ക് സാമ്രാജ്യം വികസിപ്പിച്ചിരിക്കുന്നു.

റോയല്‍ വെബ്സൈറ്റിലെ വാര്‍ത്തകളും വിവരങ്ങളുമായിരിക്കും ട്വിറ്ററിലെ റോയല്‍ പേജില്‍ നല്‍കുകയെന്ന് ബക്കിംങ്ഹാം വൃത്തങ്ങള്‍ അറിയിച്ചു. രാജ്ഞിയുടെ നിര്‍ദ്ദേശപ്രകാരമാണ് ട്വിറ്ററില്‍ ഇത്തരത്തിലുള്ള ഒരു പേജ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബക്കിംങ്ഹാം അറിയിച്ചു.

എന്നാല്‍, രാജകുടുംബത്തിലെ അംഗങ്ങളൊന്നും ട്വീറ്റിംഗിനുണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ‘ബ്രിട്ടീഷ് മൊണാര്‍കി’ എന്ന ട്വിറ്റര്‍ പേജ് നിര്‍മ്മിച്ചതിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ തന്നെ അയ്യായിരത്തോളം പേര്‍ ഇവിടം സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് മൊണാര്‍കി എന്ന ട്വിറ്റര്‍ പേജില്‍ ആദ്യമായി നല്‍കിയത് കവി പ്രൊഫ. കരോള്‍ ആന്‍ ഡഫിയുമായി രാജ്ഞി നടത്തുന്ന ചര്‍ച്ചയുടെ ചിത്രമാണ്. സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ 2006 മാര്‍ച്ചിലാണ് തുടങ്ങിയത്.

തന്‍റെ സുഹൃത്തുക്കള്‍ എന്തു ചെയ്യുന്നുവെന്ന് അറിയാനുള്ള ജാക് ഡോര്‍സിയുടെ താത്പര്യമാണ് ട്വിറ്റര്‍ എന്നൊരു സൈറ്റ് നിര്‍മ്മാണത്തിന്‍റെ പിന്നില്‍. 2007 മേയിന് ശേഷമാണ് ട്വിറ്ററിന്‍റെ പ്രചാരം കുത്തനെ വര്‍ധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :