എന്‍‌കാര്‍ട്ടയ്ക്ക് ദയാവധം

ലണ്ടന്‍| WEBDUNIA|
ഇന്‍റര്‍നെറ്റ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായ മൈക്രോസോഫ്റ്റ് എന്‍‌കാര്‍ട്ടയുടെ സേവനം ഇനി മുതല്‍ ലഭിക്കില്ല. ഇതിനു പുറമെ സ്റ്റുഡന്‍റ് ആന്‍ഡ് പ്രീമിയം എന്‍‌കാര്‍ട്ട സോഫ്റ്റ്വയറുകളും മൈക്രോസോഫ്റ്റ് പിന്‍‌വലിക്കുകയാണ്.

ജനങ്ങളുടെ വിവരങ്ങള്‍ തേടിയുള്ള വഴിയൊക്കെ മാറിയെന്നും ഇന്ന് ആരും പരമ്പരാഗത എന്‍‌സൈക്ലോപീഡിയകള്‍ ആവശ്യപ്പെടുന്നില്ലെന്നും പറഞ്ഞാണ് മൈക്രൊസോഫ്റ്റ് എന്‍‌കാര്‍ട്ട സേവനം നിര്‍ത്തുന്നത്. വിവരാന്വേഷണത്തിന് ജനങ്ങള്‍ ഇന്ന് പുതിയ വഴികളാണ് തേടുന്നതെന്നും ഇതിനാലാണ് മൈക്രോസോഫ്റ്റ് എന്‍‌കാര്‍ട്ട നിര്‍ത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷം ഒക്ടോബര്‍ 31 നു ശേഷം എന്‍‌കാര്‍ട്ട വെബ്സൈറ്റുകളും ജൂണിനുശേഷം ഇത്തരം സോഫ്റ്റ്വയറുകളുടെ വിതരണവും മൈക്രൊസോഫ്റ്റ് നിര്‍ത്തലാക്കും. എന്നാല്‍ എന്‍‌കാര്‍ട്ട ജപ്പാന്‍ വെബ്സൈറ്റുകള്‍ ഈ വര്‍ഷാവസാനം വരെ തുടരുമെന്നും മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ എം എസ് എന്‍ എന്‍‌കാര്‍ട്ട പ്രീമിയത്തിന്‍റെ വരിക്കാര്‍ അടച്ച തുക തിരിച്ചുനല്‍കുന്നതാണ്. എന്നാല്‍ ഒക്ടോബറില്‍ എന്‍‌കാര്‍ട്ട സൈറ്റുകള്‍ അടയ്ക്കുന്നത് വരെ വരിക്കാര്‍ക്ക് സേവനം നല്‍കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മിക്ക ഐടി കമ്പനികളും ഇത്തരം സേവനങ്ങള്‍ നിര്‍ത്തുകയാണ്. നേരത്തെ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളും ഇത്തരം നിരവധി സേവനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. ഗൂഗിളിന്‍റെ ജൈകു, മാഷപ് എഡിറ്റര്‍, ഡോഡ്ജ്ബാള്‍, കാറ്റലോഗ് സേര്‍ച്ച്, ഗൂഗിള്‍ നോട്ടുബുക്ക് എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :