കൊറിയയില്‍ ഗൂഗിളിന്റെ എത്തിനോട്ടം

WEBDUNIA|
PRO
PRO
കമ്യൂണിസ്റ്റ് ചൈനയില്‍ ചെന്ന് രഹസ്യം ചോര്‍ത്തുന്നതില്‍ കാണിച്ച മിടുക്കാണ് ഗൂഗിളിന് പണ്ട് പണിയായത്. ചൈനയില്‍ നിന്ന് കിട്ടിയ അടിയുടെ പാട് ചെന്നിയില്‍ ചെമന്ന് കിടപ്പുണ്ടെങ്കിലും ഗൂഗിളിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ചൈനയുടെ അയല്‍ രാഷ്ട്രമായ മുതലാളിത്ത കൊറിയയില്‍ ചില ഗറില്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ച ഗൂഗിളിന് അദ്യത്തെ തിരിച്ചടി കിട്ടിയിരിക്കുന്നു.

പൌരന്മാരുടെ വാസസ്ഥാനം നിയമവിരുദ്ധമായി ചോര്‍ത്തിയെന്നാരോപിച്ച് ദക്ഷിണ കൊറിയന്‍ പൊലീസ് ഗൂഗിളിന്റെ പ്രാദേശിക ഓഫിസ് റെയ്ഡുചെയ്തു. ഗൂഗിളിന്റെ വാണിജ്യ പരസ്യങ്ങള്‍ക്കായുള്ള മൊബൈല്‍ പ്ലാറ്റ്ഫോമായ ആഡ്മൊബ് വഴിയാണ് ആളുകളുടെ വാസസ്ഥാനങ്ങള്‍ ചോര്‍ത്തിയത്. പരസ്യ വിപണി ലക്‌ഷ്യമാക്കി നടത്തുന്ന ഏര്‍പ്പാടാണെങ്കിലും രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ പ്രശ്നത്തിലുള്ളതിനാലാണ് സര്‍ക്കാര്‍ സത്വരമായി ഇടപെട്ടിരിക്കുന്നത്.

റെയ്ഡ് നടന്ന കാര്യം കൊറിയയിലെ ഗൂഗിള്‍ അധികാരികള്‍ സമ്മതിച്ചു. അന്വേഷണവുമായി ഗൂഗിള്‍ പരമാവധി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു. 2006-ല്‍ തുടക്കമിട്ട മൊബൈല്‍ പരസ്യ നെറ്റ്വര്‍ക്കായ ആഡ്മൊബിനെ 2009 നവംബറിലാണ് ഗൂഗിള്‍ വാങ്ങുന്നത്. 750 ദശലക്ഷം ഡോളറാണ് ഇതിനായി മുടക്കിയത്. വാണിജ്യ പരസ്യവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങള്‍ ആഡ്മൊബ് നല്‍കിവരുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റില്‍ ഗൂഗിളിന്റെ പുതിയ ഉല്‍പ്പന്നങ്ങളില്‍ ഒന്നായ തെരുവുകാഴ്ച (സ്ട്രീറ്റ് വ്യൂ) കൊറിയയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടം മുതല്‍ സര്‍ക്കാരിന്റെ നിരീക്ഷണം കമ്പനിക്കുമേലുണ്ട്. ജനങ്ങളുടെ സ്വകാര്യത ലംഘിക്കുവാന്‍ തെരുവ് കാഴ്ച കാര്യമായി ഉത്സാഹിക്കുന്നുവെന്ന പരാതി നിരവധി പാശ്ചാത്യരാഷ്ട്രങ്ങളില്‍ ഉയര്‍ന്നിട്ടുമുണ്ട്. തെരുവുകാഴ്ചയുടെ ഫോട്ടോഗ്രാഫര്‍മാരെ പേടിച്ചാണ് വിദേശരാഷ്ട്രങ്ങളില്‍ മദാമ്മമാര്‍ ബീച്ചുകളില്‍ കുളിക്കാനിറങ്ങുന്നത്. ഇത്തരം ചിത്രങ്ങള്‍ നിര്‍ബന്ധമായും മങ്ങിച്ചുകാണിക്കണമെന്ന് ഒരു സ്വീഡിഷ് കോടതി ഈയിടെ ആവശ്യപ്പെട്ടിരുന്നു.

തെരുവുകാഴ്ച, മാപ്പ് തുടങ്ങിയ ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ രാജ്യസുരക്ഷയ്ക്ക് പലപ്പോഴും ഭീഷണി സൃഷ്ടിക്കുമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. മറ്റ് പല സ്വകാര്യകമ്പനികളുടെ കൈവശവും ഇത്തരത്തിലുള്ള മാപ്പ് ശേഖരമുണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :