ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക സംവിധാനം തുടങ്ങി. ലൈംഗിക ചൂഷണം, മറ്റു ആക്രമണങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനായി പാനിക് ബട്ടണ്‍ സംവിധാനം തുടങ്ങി കഴിഞ്ഞു.
ഫേസ്ബുക്ക് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം വേണ്ടിവരുന്ന സമയത്ത് പാനിക് ബട്ടണ്‍ സംവിധാനം ഉപയോഗപ്പെടുത്താനാകും. ബ്രിട്ടണില്‍ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയകളില്‍ കുട്ടികള്‍ക്കെതിരെ ആക്രമണം വര്‍ധിച്ചതോടെയാണ് സുരക്ഷയൊരുക്കാന്‍ ഫേസ്ബുക്ക് തയ്യാറായത്. ബ്രിട്ടണിലെ ചൈല്‍ഡ് എക്സ്പ്ലോയിറ്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊറ്റക്ഷന്‍ സെന്റര്‍ ഇത് സംബന്ധിച്ച് ഫേസ്ബുക്കിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
സംരക്ഷണം വേണ്ടവര്‍ക്ക് ബട്ടണ്‍ ചേര്‍ക്കുകയോ അല്ലെങ്കില്‍ ‘ക്ലിക്സിഇഒപി’ ബുക്ക് മാര്‍ക്കില്‍ ചേര്‍ക്കുകയോ ചെയ്യാം. പാനിക് ബട്ടണ്‍ ചേര്‍ക്കുന്നതോടെ പൂമുഖ പേജില്‍ പ്രത്യക്ഷപ്പെടും. ഫേസ്ബുക്ക് അംഗമായ ബ്രിട്ടീഷ് പെണ്‍കുട്ടി കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തില്‍ പാനിക് ബട്ടന് വേണമെന്ന ആവശ്യം ശക്തമായിരുന്നു.
ഫേസ്ബുക്കിലെ ബന്ധം ഉപയോഗിച്ച് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് ബ്രിട്ടണിലെ നിരവധി പേര് ഫേസ്ബുക്കില്‍ പാനിക് ബട്ടന് സംവിധാനം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. ബ്രിട്ടീഷ് ചൈല്‍ഡ് പ്രോട്ടക്ഷന്‍ അധികൃതരും ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടു വന്നിരുന്നു. ഫേസ്ബുക്കിനും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും പാനിക് ബട്ടണ്‍ (അടിയന്തര പോലീസ് സഹായം ലഭിക്കുന്ന സംവിധാനം) വേണമെന്ന ആവശ്യം ശക്തമായി.
ബന്ധങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത നെറ്റ് ലോകത്ത് ഇത്തരം സുരക്ഷാ സംവിധാന സഹായികളും അത്യാവശ്യമാണെന്ന് നെറ്റ് വിദഗ്ധരും ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കൊലപാതവും പീഡനങ്ങളും വര്‍ധിച്ചിരിക്കുകയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴിയുള്ള ബന്ധങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
പൂര്‍ണ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന നിരവധി അംഗങ്ങള്‍ ഫേസ്ബുക്കിലുണ്ട്. ഇത്തരം അംഗങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന് വാദിക്കുന്നവരും കുറവല്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ മുന്നില്‍ പാശ്ചാത്യനാടുകളാണെന്നതും ശ്രദ്ധേയമാണ്.