ഏഷ്യയും ആഫ്രിക്കയും ലക്‌ഷ്യമിട്ട് വൊഡാഫോണ്‍

PTIPTI
ഇന്ത്യയില്‍ നടത്തിയ മുന്നേറ്റങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഏഷ്യയിലും ആഫ്രിക്കയിലും കൂടുതല്‍ മുതല്‍മുടക്കാന്‍ വൊഡാഫോണ്‍ തയ്യാറാകുന്നു. എസ്സാറില്‍ നിന്നും ഹച്ച് ഏറ്റെടുക്കാന്‍ പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പ് വൊഡാഫോണ്‍ മേധാവി അരുണ്‍ സരിന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഉണ്ടായതില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.

ടെലികോം മേഖലയില്‍ ഇനിയും വെല്ലുവിളികള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ എഴുതി തള്ളുന്നില്ലെങ്കിലും നാളിതുവരെ ഇന്ത്യ നല്‍കിയ അനുഭവ പാഠങ്ങള്‍ തീര്‍ത്തും പ്രചോദനകരമാണെന്ന് സരിന്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഇനിയും പുരോഗതി ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയാണ് ടെലികോം. അന്തര്‍ദേശിയ തലത്തില്‍ എന്ന പോലെ ഇന്ത്യയിലും ഇതിന്‍റെ പ്രതിഫലനം കാണാന്‍ കഴിയും. കൂടുതല്‍ ഉന്നത മേഖലകള്‍ കീഴടക്കാനായി ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില കമ്പനികളുമായി തങ്ങള്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞതായി സരിന്‍ പറഞ്ഞു. എന്നാല്‍ ഈ കമ്പനികളുടെ പേര് വെളിപ്പെടുത്താനോ ചര്‍ച്ചകളുടെ പുരോഗതി വ്യക്തമാക്കാനോ അദ്ദേഹം തയ്യാറായില്ല.

ചെന്നൈ| WEBDUNIA| Last Modified തിങ്കള്‍, 21 ജൂലൈ 2008 (15:25 IST)
വൊഡാഫോണിലെ ഇന്ത്യയിലെ അനുഭവത്തെ സംബന്ധിച്ച ചോദ്യത്തിന് ആനന്ദദായകം എന്ന മറുപടിയാണ് സരിന്‍ നല്‍കിയത്. പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പ് വൊഡാഫോണ്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ 20 ദശലക്ഷം ഉപയോക്താക്കളാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ഇന്നത് അമ്പത് ദശലക്ഷമായി ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യക്ക് തങ്ങളുടെ പദ്ധതികളില്‍ മര്‍മ്മപ്രധാനമായ സ്ഥാനമാണുള്ളതെന്നും അധികം വൈകാതെ 100 ദശലക്ഷം ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ഉണ്ടാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സരിന്‍ പറഞ്ഞു. 3ജി സ്പെക്‌ട്രം ലേലത്തില്‍ വയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ സരിന്‍ വയര്‍ലസ് ബ്രോഡ്ബാന്‍ഡ്, ഇന്‍റര്‍നെറ്റ് മേഖലയില്‍ കൂടുതല്‍ സൌകര്യങ്ങള്‍ തങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :