ന്യൂഡല്‍ഹി|
vishnu|
Last Modified വെള്ളി, 2 ജനുവരി 2015 (14:28 IST)
ചൈനീസ് കമ്പനിയായ സിയോമി വിലകുറഞ്ഞ 4ജി ഫോണായ റെഡ്മി നോട്ട് 4ന് കനത്ത ഭീഷണിയായി പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ലെനോവൊ എത്തുന്നു. ലെനോവോയുടെ 4ജി എല്‍ടിഇ സ്മാര്‍ട്ട്‌ഫോണുകള്‍ വിലയില്‍ സിയോമിക്ക് ഒപ്പം നില്‍ക്കുന്നതാണെന്നാണ് സൂചന. സിയോമിയുടെ റെഡ്മി നോട്ടിനും മൈക്രോമാക്‌സിന്റെ യു-യുറേക്കയ്ക്കും വെല്ലുവിളിയായിരിക്കും ലെനോവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍.
ഉപഭോക്താക്കള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി ജനുവരി 6 മുതല്‍ 9 വരെ യുഎസിലെ ലാസ് വെഗാസില്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍സ്യൂമര്‍ ടെക്‌നോളജി എക്‌സിബിഷനായ സിഇഎസ് 2015ല്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ സ്മാര്‍ട്ട് ഫോണ്‍ 10,000 രൂപയില്‍ താഴെ വിപണിയില്‍ ലഭിക്കും എന്നാണ് അറിയുന്നത്. സിയോമിയുടെ റെഡ്മി നോട്ട് 4ന് 9,999 രൂപയായിരുന്നു വില.
വിലകുറഞ്ഞ് ഫോണുമായി ഫെബ്രുവരി ആദ്യ വാരം ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനാണ് ലെനോവയുടെ തീരുമാനം. സിഇഎസ് 2015ല്‍ ഫോണിന്റെ യഥാര്‍ത്ഥ വിലയും മറ്റു വിശദാംശങ്ങളും പ്രഖ്യാപിക്കും. ക്വാള്‍കോം സ്‌നാപ്ഡ്രാഗന്‍ 410 പ്രോസസറായിരിക്കും ഈ 4ജി ഫോണിനു കരുത്ത് പകരുക.