സുമീഷ് ടി ഉണ്ണീൻ|
Last Updated:
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (15:13 IST)
ആരെയും ആശ്ചര്യപ്പെടുത്തുന്ന ഫീച്ചറുകളുമായി വിവോ വി സീരീസിലെ ഏറ്റവും പുതിയ ഫോൺ എത്തി. വിവോയുടെ വി 17 പ്രോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ഇരട്ട പോപ്പ് അപ്പ് സെൽഫി ക്യാമറകളുമായി എത്തുന്ന ലോകത്തിലെ ആദ്യ
സ്മാർട്ട്ഫോൺ ആണ് വിവോ വി 17 പ്രോ. ക്യമറകൾ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 29,990 രൂപയാണ് വിവോ വി 17 പ്രോക്ക് ഇന്ത്യൻ വിപണിയിൽ വില.
32 എംപി പ്രൈമറി സെൻസറോടുകൂടിയ ഇരട്ട പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രാത്യേകതകളിൽ ഒന്ന്. 32 എംപി 105 ഡിഗ്രി വൈഡ് ക്യാമറയാണ് സെൽഫി ക്യാമറയിലെ പ്രധാന സെൻസർ. കുറഞ്ഞ വെളിച്ചത്തിലും മികച്ച സെൽഫികൾ പകർത്താനാകുന്ന സൂപ്പർനൈറ്റ് സെൽഫി എന്ന ഫീച്ചറും ക്യാമറയി ഉൾപ്പെടുത്തിയിരിക്കുന്നു.
48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 13 മെഗാപിക്സൽ ടെലിഫോട്ടോ, എട്ട് മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ, സൂപ്പർ മാക്രോ, രണ്ട് മെഗാപിക്സൽ ബൊക്കെ എന്നിവയാണ് മറ്റു റിയർ ക്യാമറ സെൻസറുകൾ. 91.65 ശതമാനം സ്ക്രീൻ ബോഡി അനുപാതത്തോടുകൂടിയ 6.44ഇഞ്ച് ഫുൾ വ്യൂ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഡിസ്പ്ലേയിൽ തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.
8ജിബി റാം, 128ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്‌ഫോണിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 8.1 അടിസ്ഥാനപ്പെടുത്തിയുള്ള ഫൺടച്ച് 4.5 എന്ന പ്രത്യേക ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ടൈപ്പ് സി ഡ്യൂവൽ എൻജിൻ ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 4100എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.