വോഡാഫോൺ-ഐഡിയ പ്രതിസന്ധി: സർക്കാരിന് നഷ്ടമാവുക 1.6 ലക്ഷം കോടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (22:06 IST)
നിലവിലെ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് വോഡാഫോൺ-ഐ‌ഡിയ പ്രവർത്തനങ്ങൾ നിർത്തിയാൽ സർക്കാരിന് നഷ്ടമാവുക 1.6 ലക്ഷം കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. സ്‌പെക്ട്രം ഫീസിനിത്തിലും എജിആർ കുടിശ്ശികയിനത്തിലുമായാണ് ഇത്രയും തുക സർക്കാരിന് ലഭിക്കാനുള്ളത്.

കമ്പനിയുടെ നിലവിലുള്ള മൊത്തം കടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. ബാങ്കുകൾക്ക് നൽകാനുള്ള 23,000 കോടി രൂപയുടെ വായ്‌പയും ഇതിൽ ഉൾപ്പെടുന്നു. മാർച്ച് പാദത്തിൽ മാത്രം 7,000 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.ഓരോ ഉപഭോക്താവിൽനിന്നും ജിയോക്ക് 138 രൂപയും എയർടെല്ലി‌ൽ നിന്ന് 145 രൂപയും ലഭിക്കുമ്പോൾ 107 രൂപമാത്രമാണ് ഐഡിയയ്ക്ക് ലഭിക്കുന്നത്.

കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ആശങ്ക പ്രൊമോട്ടർമാർ നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ ഇവർ വിസമ്മതിക്കുകയും സർക്കാർ ഇടപെടണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. നഷ്ടം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ സമീപ ഭാവിയിൽ ഒന്നും തന്നെ കമ്പനി കരകയറില്ലെന്നാണ് ഗോൾഡ്മാൻ സാച്‌സിന്റെ വിലിയരുത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :