‘ട്വീറ്റ്സ്’ അഞ്ച് ബില്യന്‍ കവിഞ്ഞു

കാലിഫോര്‍ണിയ| WEBDUNIA| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (13:09 IST)
ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ‘ട്വീറ്റ്സ്’ അഞ്ചു ബില്യന്‍ കവിഞ്ഞു. പ്രവര്‍ത്തനം തുടങ്ങി കുറഞ്ഞ കാലത്തിനുള്ളിലാണ് ഇത്തരമൊരു നേട്ടമെന്നത് ശ്രദ്ധേയമാണ്. ഓരോ ട്വീറ്റിനും ഓരോ പേജ് എന്ന കണക്കില്‍ ട്വിറ്ററില്‍ അഞ്ച് ബില്യന്‍ പേജുകള്‍ ഹോസ്റ്റ് ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം നവം‌ബറിലാണ് ട്വിറ്ററില്‍ ഒരു ബില്യന്‍ ട്വീറ്റ്സ് നേട്ടം കൈവരിച്ചത്. എന്നാല്‍, പിന്നീടുള്ള ഒരു വര്‍ഷത്തിനിടയില്‍ നാലു ബില്യന്‍ ട്വീറ്റ്സാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ജിഗാട്വീറ്റ്’ എന്ന സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ട്വിറ്ററിലെ മൊത്തം ട്വീറ്റ്സിന്‍റെ എണ്ണമെടുക്കുന്നത്.

കാലിഫോര്‍ണിയയിലെ റോബിന്‍ സൊലാസന്‍ എന്ന വ്യക്തി ഹോസ്റ്റ് ചെയ്ത ‘ഓ ലോര്‍ഡ്’ വാചകം കൊണ്ടാണ് അഞ്ച് ബില്യന്‍ ട്വീറ്റ്സ് പൂര്‍ത്തീകരിച്ചത്. ഇതൊരു ദൈവവചനമായതിനാലും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കയാണ്. ട്വിറ്ററില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 3.4 ബില്യന്‍ ട്വീറ്റ്സാണ് ഹോസ്റ്റ് ചെയ്തത്.

കനേഡിയന്‍ ഗവേഷണ കമ്പനിയായ സിസോമോസിന്‍റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യുന്നത് അമേരിക്കന്‍ നെറ്റ് ഉപയോക്താക്കളാണ്( 62.14%). തൊട്ടു പിറകെ ബ്രിട്ടന്‍ (7.87%), കാനഡ(5.69%), ഓസ്ട്രേലിയ(2.8%) എന്നീ രാജ്യങ്ങളുമുണ്ട്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ഫിലിപ്പെയിന്‍സ്, ചൈന എന്നീ രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്.

ട്വിറ്ററില്‍ മാസത്തില്‍ മൊത്തം 55 ദശലക്ഷം നിത്യസന്ദര്‍ശകര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2006 മാര്‍ച്ചിലാണ് ട്വിറ്റര്‍ തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :