‘ഇറാന്റെ തലസ്ഥാനമേത്?’ അല്ലെങ്കില്‍ ‘ചൈനയുടെ പ്രധാനമന്ത്രിയാര്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ടയുടന്‍ ബ്രൌസര്‍ തുറന്ന് ഗൂഗിള്‍ എന്ന് അടിക്കുന്നവരാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക, അപകടം അടുത്തുകഴിഞ്ഞു! ഓര്‍മശക്തിയെന്ന അത്ഭുതകഴിവ് നിങ്ങളെ വിട്ടകലാന്‍ തുടങ്ങിയിരിക്കുന്നു. ‘ടെഹ്‌റാന്‍’ ആണ് ഇറാന്റെ തലസ്ഥാനമെന്നും ചൈനയുടെ പ്രധാനമന്ത്രി ‘വെന്‍ ജിയാബോ’ ആണെന്നും നമുക്ക് അറിയാത്തതാണോ? അല്‍പം ചിന്തിച്ചാല്‍ ഓര്‍ത്തെടുക്കാവുന്നതല്ലേ ഇക്കാര്യങ്ങള്‍? എന്നിട്ടും നമ്മള്‍ ചെയ്യുന്നതെന്താണ് - ‘ഗൂഗ്ലുക’!
കൊളംബിയ യൂനിവേഴ്സിറ്റിയിലെ മനശ്ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബെറ്റ്സി സ്പാരോയും സംഘവും നടത്തിയ പഠനം പറയുന്നത് ഇന്റര്‍നെറ്റ് അടക്കമുള്ള വിവരസാങ്കേതികവിദ്യയുടെ അതിരുവിട്ട ഉപയോഗം ഓര്‍മശക്തിയെ പതുക്കെ കൊല്ലും എന്നാണ്. എന്തെങ്കിലും ഒരു കാര്യം അറിയാനായി നാം കമ്പ്യൂട്ടറിനെയോ ഇന്റര്‍നെറ്റിനെയോ മൊബൈലിനെയോ ആശ്രയിക്കുകയാണെങ്കില്‍ ആ കാര്യം ഓര്‍മയില്‍ സൂക്ഷിക്കാന്‍ തലച്ചോര്‍ പിന്നീട് മിനക്കെടുകയില്ലെത്രെ!
പഠനത്തിന് വിധേയരായവരോട് കുറച്ച് കാര്യങ്ങള്‍ ടൈപ്പുചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കാന്‍ പ്രൊഫസര്‍ ബെറ്റ്സി സ്പാരോയും സംഘവും ആവശ്യപ്പെട്ടു. അല്‍പസമയം കഴിഞ്ഞ് ടൈപ്പുചെയ്ത കാര്യങ്ങള്‍ എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ പറഞ്ഞപ്പോള്‍ ഭൂരിഭാഗവും കൈമലര്‍ത്തി. എന്നാല്‍ കമ്പ്യൂട്ടറില്‍ ഈ വിവരങ്ങള്‍ ടൈപ്പുചെയ്ത് സൂക്ഷിച്ചത് ഏത് ഫോള്‍ഡറിലാണെന്ന് ഓര്‍ത്തെടുക്കാന്‍ ഇവര്‍ക്ക് കഴിയുകയും ചെയ്തു.
എല്ലാവര്‍ക്കും എല്ലാക്കാര്യവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആകില്ല. പണ്ടും ഈ അവസ്ഥ ഉണ്ടായിരുന്നു. ആ സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെയാണ് മനുഷ്യര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, തുടര്‍ന്നും ഇക്കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കേണ്ടി വരും എന്നതിനാല്‍ തലച്ചോര്‍ ശുഷ്കാന്തിയോടെ അവ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. വിവരസാങ്കേതികവിദ്യ വന്നതോടെ ഒന്നും ഓര്‍മയില്‍ സൂക്ഷിക്കേണ്ടതില്ല എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നമ്മുടെ ‘എക്സ്റ്റേണല്‍ സ്റ്റോറേജ് ഡിവൈസ്’ എന്ന നിലയിലാണ് ഇപ്പോള്‍ നെറ്റ് അടക്കമുള്ള വിവരസാങ്കേതികവിദ്യകള്‍ കണക്കാക്കപ്പെടുന്നത്.