ഭൂകമ്പവും സുനാമിയും ആണവ റിയാക്ടര്‍ സ്ഫോടനങ്ങളും തീപിടുത്തവും കാരണം ജീവാപായം നിലനില്‍ക്കുന്ന ജപ്പാനില്‍ നിന്ന് ജീവനക്കാരോട് മടങ്ങിവരാന്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇന്‍ഫോസിസിന്റെ എല്ലാ ജീവനക്കാരും ഇന്ത്യയില്‍ മടങ്ങിയെത്തുമെന്ന് കമ്പനിയുടെ എച്ച്ആര്‍ ഡയറക്ടര്‍ മോഹന്‍ദാസ് പൈ ബംഗളൂരില്‍ മാധ്യമങ്ങളെ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് ഇന്‍ഫോസിസ് അയച്ചിരിക്കുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും മോഹന്‍ദാസ് പൈ അറിയിച്ചു. ജീവനക്കാര്‍ക്ക് മടങ്ങിവരാന്‍ വേണ്ട എല്ലാ വിധ സൌകര്യങ്ങളും കമ്പനി ചെയ്തുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍ഫോസിസിന്റെ ജപ്പാനിലെ ഓഫീസുള്ളത് ടോക്കിയോയിലാണ്. ഫുക്കുവോക്ക, നാഗോയ എന്നീ നഗരങ്ങളിലും ഇന്‍ഫോസിസ് ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പ് 1996-ലാണ് ജപ്പാനില്‍ ഇന്‍ഫോസിസ് തുടങ്ങിയത്. മുന്നൂറ്റിയമ്പതോളം ജീവനക്കാരാണ് ജപ്പാനില്‍ കമ്പനിക്ക് ഉള്ളത്.
“എല്ലാ ജീവനക്കാരെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ കമ്പനി ചെയ്തിട്ടുണ്ട്. ചില ജീവനക്കാര്‍ ഇതിനകം തന്നെ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജപ്പാനിലുള്ള ജീവനക്കാര്‍ക്ക് എല്ലാ തരത്തിലുള്ള സൌകര്യങ്ങളും കമ്പനി ചെയ്തുകൊടുത്തിട്ടുണ്ട്. ഇന്‍ഫോസിസിന്റെ ജീവനക്കാര്‍ക്ക് യാതൊരു തരത്തിലുള്ള പരുക്കും പറ്റിയിട്ടില്ല” - മോഹന്‍ദാസ് പൈ പറഞ്ഞു.
രാജ്യത്തെ മറ്റ് പ്രമുഖ ഐടി കമ്പനികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും വിപ്രോയും തങ്ങളുടെ ജീവനക്കാര്‍ സുരക്ഷിതര്‍ ആണെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലേറെ ജീവനക്കാരുള്ള ഐഗേറ്റും തങ്ങളുടെ ജോലിക്കാര്‍ക്ക് അപകടമൊന്നും ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും റേഡിയേഷന് സാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്ന്, ടോക്കിയോയില്‍ നിന്നുപോലും, ഒഴിഞ്ഞുപോകാന്‍ വിവിധ രാജ്യങ്ങളുടെ എംബസികള്‍ അതാത് രാജ്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 11-ന് കാലത്തുണ്ടായ സുനാമിയെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളാണ് ജപ്പാനില്‍ മരിച്ചത്. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഭൂകമ്പം ഉണ്ടായ പ്രദേശമായ ഫുക്കുഷിമയിലെ ന്യൂക്ലിയര്‍ പ്ലാന്റുകളിലെ മൂന്ന് റിയാക്ടറുകളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്ഫോടനം ഉണ്ടായിരുന്നു. ജീവാപായം നേരിട്ടേക്കാവുന്ന അളവിലുള്ള റേഡിയേഷനാണ് (അണുവികിരണം) ഇവിടെ അനുഭവപ്പെടുന്നത്. ടോക്കിയോയിലേക്കും അണുവികിരണം ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.